(moviemax.in ) ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനായി സവിശേഷമായ ഒരു സേവന വാഗ്ദാനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. 'ഇകെമെസോ ഡാൻഷി' അഥവാ 'ഹാൻസം വീപ്പിംഗ് ബോയ്' എന്നാണ് ഈ സേവനം അറിയപ്പെടുന്നത്.
ഒരു നിശ്ചിത തുക നൽകിയാൽ ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ള 'വീപ്പിംഗ് ബോയി'യെ ഓൺലൈനായി തിരഞ്ഞെടുക്കാം. അവർ ജോലിസ്ഥലത്ത് നേരിട്ട് എത്തി വൈകാരിക പിന്തുണ നൽകും.
7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. 'വീപ്പിംഗ് ബോയ്സി'ന്റെ സേവനം ആവശ്യപ്പെട്ടാൽ ഉടനടി അവർ ഓഫീസിൽ നേരിട്ട് എത്തും.
തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും അവരുടെ കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമൊക്കെ വൈകാരിക പിന്തുണ നൽകുകയും ചെയ്യും.
ഈ നൂതനമായ സേവനം വിഭാവനം ചെയ്തത് റുയി-കാറ്റ്‌സുവിൻ്റെ സ്ഥാപകനായ ഹിരോക്കി തെറായിയാണ്. ഈ നൂതനമായ ആശയത്തെ ലാഭകരമായ ഒരു ബിസിനസ് സംരംഭം ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം. 'ഇകെമെസോ ഡാൻഷി' എന്നാണ് ഈ സേവനത്തിന്റെ പേര്. 'കരയുന്ന നല്ല മനുഷ്യൻ' എന്നാണ് ഇതിൻറെ അർത്ഥം.
വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്. തങ്ങളുടെ ക്ലൈന്റുകളെ അവരുടെ ദുഃഖങ്ങളെല്ലാം പങ്കുവെപ്പിച്ച് അതിലൂടെ മാനസിക സന്തോഷവും സമാധാനവും അവർക്ക് തിരികെ നൽകാനാണ് ഇവർ ശ്രമിക്കുക.
#handsome #weeping #boys #service #ease #stress #workplace #tokyo