ചൈനയിലെ ഒരു ബുദ്ധ ക്ഷേത്രത്തിലെ പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തനിക്കു മുൻപിൽ എത്തുന്ന സന്ദർശകർക്ക് 'ഹൈ-ഫൈവ്' നൽകി അനുഗ്രഹിക്കുകയാണ് ഈ പൂച്ച.
പൂച്ചയും സന്ദർശകരും തമ്മിലുള്ള കൗതുകപരമായ ഇടപെടലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ സുഷൗവിലെ സിയുവാൻ ക്ഷേത്രത്തിലെ അന്തേവാസിയാണ് ഈ പൂച്ച.
കഴുത്തിൽ കട്ടിയുള്ള സ്വർണ്ണ നിറത്തിലുള്ള ചങ്ങല ധരിച്ച് ഗമയിലിരിക്കുന്ന പൂച്ച തൻ്റെ കൈകൾ നീട്ടി സന്ദർശകരുടെ കയ്യിൽ അടിച്ച് ഹൈ-ഫൈവ് നൽകുന്നതിനെയാണ് സോഷ്യൽ മീഡിയയിൽ, പൂച്ച അനുഗ്രഹം നൽകുന്നതാണ് എന്ന് തമാശയായി വിശേഷിപ്പിച്ചിരിക്കുന്നത്.
വൈറലായ വീഡിയോയിൽ ക്ഷേത്രത്തിലെത്തിയ നിരവധി സന്ദർശകർ പൂച്ചയുടെ അരികിൽ എത്തി ഹൈ-ഫൈവ് നൽകാൻ തിരക്ക് കൂട്ടുന്നത് കാണാം. ഇതെല്ലാം ആസ്വദിച്ച് അല്പം ഗമയിൽ തന്നെ പൂച്ചയും ഉണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഷൗ ടൂറിസത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ്, പൂച്ചയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വളരെ വേഗത്തിൽ വൈറലായി എന്ന് മാത്രമല്ല ലോകം മുഴുവനും ഉള്ള കാഴ്ചക്കാരെ ആകർഷിച്ച് പൂച്ച അന്താരാഷ്ട്ര ശ്രദ്ധതന്നെ പിടിച്ചുപറ്റി.
വെസ്റ്റ് ഗാർഡൻ ടെമ്പിൾ എന്നും അറിയപ്പെടുന്ന സിയുവാൻ ക്ഷേത്രം യുവാൻ രാജവംശത്തിൻ്റെ (1271-1368) കാലഘട്ടം മുതലുള്ളതാണ്. പരമ്പരാഗത ബുദ്ധ വാസ്തുവിദ്യയും ക്ലാസിക് ചൈനീസ് ഗാർഡൻ സൗന്ദര്യശാസ്ത്രവും ഈ ക്ഷേത്രത്തെ ആകർഷകമാക്കുന്നു.
നിരവധി പൂച്ചകളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ പൂന്തോട്ടങ്ങൾക്കും പുരാതന നിർമ്മിതികൾക്കും ഇടയിൽ വിശ്രമിക്കുന്ന ഈ പൂച്ചക്കുട്ടികൾ ക്ഷേത്രത്തിൻ്റെ മനോഹാരിതയുടെ അവിഭാജ്യ ഘടകമായി ഇപ്പോൾ മാറിക്കഴിഞ്ഞു.
#chinese #temple #cat #went #viral #because #his #high #fives #blessing #viral #video