മനുഷ്യർ ഒരുപാട് അപകടകരമായ കാര്യങ്ങൾ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള അനേകമനേകം വീഡിയോയാണ് ഓരോ ദിവസവും എന്നോണം വൈറലായി കൊണ്ടിരിക്കുന്നത്. ഈ മനുഷ്യർക്കൊന്നും സ്വന്തം ജീവനെയോർത്തും മറ്റുള്ളവരുടെ ജീവനെയോർത്തും യാതൊരു ഭയമോ ആകുലതയോ ഇല്ലേ എന്ന് നമുക്ക് ചിലപ്പോൾ ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
FitnessHaven എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരാൾ വളരെ അപകടകരമായ രീതിയിൽ പുൾ അപ്പ് എടുക്കുന്നതാണ്. സാധാരണയായി ആരോഗ്യത്തിനും ഫിറ്റ്നെസ് നിലനിർത്താനും ഒക്കെ വേണ്ടിയാണ് പുൾ അപ്പൊക്കെ എടുക്കുന്നത്.
എന്നാൽ, ഇങ്ങനെ പുൾ അപ്പ് എടുത്താൽ അധികകാലം ജീവിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ പോലും സംശയമാണ്. കാരണം മറ്റൊന്നുമല്ല, യുവാവ് പുൾ അപ്പ് എടുക്കുന്നത് പവർ കേബിളിൽ പിടിച്ചുകൊണ്ടാണ്.
'സ്ഥലം ഏതാണ് എന്ന് നോക്കേണ്ടതില്ല, പരിശീലിക്കൂ' എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. ഇങ്ങനെ പരിശീലനം നേടിയിട്ട് എന്താണ് കാര്യം, ഇതെന്താ മരണത്തിലേക്കുള്ള പരിശീലനമാണോ എന്നാണ് ആളുകളുടെ സംശയം.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ഇത് മരണത്തിലേക്കുള്ള പരിശീലനമാണ്' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'മറ്റൊരു ജീവിതം കൂടിയുണ്ട് എന്ന മട്ടിലാണ് ഇയാളുടെ പെരുമാറ്റം' എന്നാണ്.
എന്നാൽ, അതേസമയത്ത് തന്നെ മറ്റ് ചിലർ ആ പവർ കേബിളുകൾ ആക്ടീവാകാൻ വഴിയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ആക്ടീവായിരുന്നു എങ്കിൽ ആ യുവാവിന് ഇതോടകം തന്നെ അയാളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടായേനെ എന്നായിരുന്നു അവരുടെ അഭിപ്രായം.
#pull #ups #on #power #cable #dangerous #stunt #video #went #viral