ഇക്കാലത്ത് എവിടെ നോക്കിയാലും നെഗറ്റീവ് വാർത്തകൾ മാത്രമാണ് കാണാനാകുന്നത്. മനസ്സിനെ മരവിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകളും കാഴ്ചകളും. അതിനിടയിലും നമ്മുടെ മനസിന് ആശ്വാസമേകുന്ന, സന്തോഷം പകരുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിൽ എത്താറുണ്ട്. അത്തരത്തിലുള്ള അത്യപൂർവമായ ഒരു വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.
അപരിചിതരായ മനുഷ്യരുടെ ചിത്രങ്ങളെടുക്കുന്ന അനേകം ഫോട്ടോഗ്രാഫർമാർ ഇന്നുണ്ട്, പകർത്തുന്ന ഫോട്ടോ അവർ സമൂഹമാധ്യമങ്ങളിലും പങ്കുവെക്കുന്നു . ഒരു ഗ്രാമത്തിൽ നിന്നുള്ള ദമ്പതികളുടെ ചിത്രം ആകാശ് ഉപാധ്യായ എന്ന ഒരു ഫോട്ടോഗ്രാഫർ പകർത്തി. എന്നാൽ, അതിമനോഹരമായ ചിത്രത്തിന് പിന്നിൽ അത്ഭുതകരമായ മറ്റൊരു കഥ കൂടിയുണ്ട്. ചിത്രത്തിലെ പ്രായമായ ദമ്പതികൾ അവരുടെ ഇത്രയും കാലത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരുമിച്ച് ഒരു ചിത്രം പോലും എടുത്തിട്ടില്ലത്രെ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആകാശ് ഉപാധ്യായ ദമ്പതികൾ വഴിയിലൂടെ പോകുമ്പോൾ അവരോട് ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് കാണാം. ആ സമയത്ത് തങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മോശമാണ് എന്നൊക്കെ പറഞ്ഞ് അവർ മടിച്ചു നിൽക്കുന്നുണ്ട്. എന്നാൽ, ഫോട്ടോഗ്രാഫർ അവരെ പ്രോത്സാഹിപ്പിക്കുകയും. ശേഷം, അവരെ വ്യത്യസ്തമായ പോസുകളിൽ നിർത്തുന്നതും വീഡിയോയിൽ കാണാം. ഭാര്യയുടെ തോളിൽ കൈവച്ച് നിൽക്കാനൊക്കെ ഫോട്ടോഗ്രാഫർ നിർദ്ദേശിക്കുന്നതും വീഡിയോയിൽ കാണാം.
പിന്നീട്, ചിത്രങ്ങൾ പകർത്തിയ ശേഷം പ്രിന്റെടുത്ത് ദമ്പതികൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. അവർക്ക് സങ്കടം വന്നുവെന്നും സന്തോഷത്താൽ മനസ് നിറഞ്ഞുവെന്നും ആ വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാവും.
നാളെ ഞങ്ങളിവിടെ ഇല്ലാതെയാവുമ്പോൾ നമ്മുടെ മക്കൾ ഈ ചിത്രം നോക്കി ഇതാണ് ഞങ്ങളുടെ മാതാപിതാക്കൾ എന്ന് പറയുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. മനസ്സിന് ആനന്ദം നല്കുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകൾ നൽകിയത്.
#Couple #thanks #youngstranger #first #photo #together #viral