(moviemax.in ) നമ്മുടെ സ്വപ്നങ്ങളിൽ പലതും ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് ഓർമ്മ പോലും കാണില്ല. ഇനി അഥവാ ഓർമ്മയുണ്ടെങ്കിൽ തന്നെയും പരസ്പരം ഒരു ബന്ധവുമില്ലാത്ത, വളരെ അവ്യക്തമായ പലതും ആയിരിക്കും നമ്മുടെ സ്വപ്നങ്ങളിൽ പലതിലും വന്നു പോകുന്നത്. എന്നാൽ, അടുത്തിടെ നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു യുവാവിന്റെ ജീവിതത്തിൽ വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു.
നോർത്ത് കരോലിനയിലെ സ്റ്റാൻലിയിലെ ഒരു യുവാവിന് 110,000 ഡോളർ (ഏകദേശം 95 ലക്ഷം രൂപ) ലോട്ടറി സമ്മാനം ലഭിച്ചു. അതിനിപ്പോൾ എന്താ ലോട്ടറിയടിക്കുന്നവർ എത്ര പേരുണ്ട് അല്ലേ? എന്നാൽ, അതിശയം ഇതല്ല. ഈ ലോട്ടറി അടിക്കുന്നതും കിട്ടുന്ന തുകയും വളരെ വ്യക്തവും കൃത്യവുമായി താൻ തലേ ദിവസത്തെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് എന്നാണ് ഇയാൾ പറയുന്നത്.
എന്നാൽ, രാത്രിയിൽ അതൊരു സ്വപ്നമല്ലേ എന്ന് കരുതിയെങ്കിലും പിറ്റേന്ന് ഒരു അപ്രതീക്ഷിത വാര്‍ത്ത തന്നെ തേടി വന്നു. അത് സ്വപ്നത്തിൽ കണ്ട അതേ തുക താൻ ലോട്ടറി സമ്മാനമായി നേടി എന്നതായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.
'ലോട്ടറിയടിക്കുമെന്ന് തലേദിവസം രാത്രിയിൽ ഞാൻ സ്വപ്നം കണ്ടിരുന്നു. ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, കാരണം ഞാൻ തേടിയ തുക തന്നെയാണ് കൃത്യമായി ഞാൻ സ്വപ്നത്തിൽ കണ്ടത്. അത് വളരെ വ്യക്തമായിരുന്നു. ഭ്രാന്താണ് എന്ന് തോന്നുമെങ്കിലും അത് സത്യമായിരുന്നു' എന്നാണ് സ്റ്റാൻലി നിവാസിയായ റോബർട്ട് ഹോബൻ നോർത്ത് കരോലിന എഡ്യൂക്കേഷൻ ലോട്ടറി അധികൃതരോട് പറഞ്ഞതത്രെ.
താൻ തന്റെ വീട്ടുകാരോട് രാവിലെ ഇത് പറഞ്ഞു. സ്വപ്നം കണ്ടതും ലോട്ടറിയടിച്ചതും താൻ അവരോട് പറഞ്ഞു. ഞാൻ തമാശ പറയുകയാണ് എന്നാണ് അവർ കരുതിയത്, കാരണം ഞാനിടയ്ക്ക് അവരെ പറ്റിക്കാറുണ്ടായിരുന്നു എന്നും ഹോബൻ പറഞ്ഞു.
എന്തായാലും, സ്വപ്നത്തിൽ കണ്ട അതേ തുക ലോട്ടറിയടിച്ച ഈ കഥ ഹോബന്റെ വീട്ടുകാർക്കും, അധികൃതർക്കും മാത്രമല്ല, കേട്ട പലർക്കും വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.
#north #carolina #man #claims #his #dream #predict #his #lottery #win