( moviemax.in )കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രം എന്ന ലേബലിൽ തിയേറ്ററുകളിൽ എത്തുകയും എന്നാൽ ഉണ്ണി മുകുന്ദൻ എന്ന നടന്റെ അസാധ്യ പ്രകടനം കൊണ്ട് വൻ ഹിറ്റാവുകയും ചെയ്ത സിനിമയാണ് മല്ലുസിങ്. ചിലപ്പോഴൊക്കെ ഉണ്ണിയുടെ ഹരീന്ദർ സിങ് എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് മുന്നിൽ നായകൻ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം വരെ ഒതുങ്ങിപ്പോയി. ബിജു മേനോൻ, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട്, ഗണപതി കോമ്പോയും സിനിമയുടെ മറ്റൊരു ഹൈലൈറ്റായിരുന്നു.
പൃഥ്വിരാജ് ചെയ്യേണ്ടിയിരുന്ന കഥാപാത്രം വർഷങ്ങൾക്കുശേഷം ഉണ്ണി മുകുന്ദന്റെ മുന്നിലേക്ക് എത്തുകയും ഒരു കുറവും ഇല്ലാത്ത രീതിയിൽ അദ്ദേഹം അത് മനോഹരം ആക്കുകയും ചെയ്തു. ഉണ്ണി മുകുന്ദന്റെ അതുവരെയുള്ള കരിയറിൽ മാത്രമല്ല മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു മല്ലു സിങ്.
ഉണ്ണി മുകുന്ദൻ എന്ന ആക്ഷൻ ഹീറോയുടെ പീക്ക് ലെവൽ മല്ലു സിങ് പ്രേക്ഷകർ കാണിച്ച് തന്നു. ഉണ്ണിയുടെ സ്ക്രീൻ പ്രെസൻസ് ഏറ്റവും മനോഹരമായി തന്നെ സ്ക്രീനിൽ എത്തിക്കാൻ സംവിധായകൻ വൈശാഖിനും കഴിഞ്ഞു. സേതു തിരക്കഥ എഴുതി വൈശാഖ് നിർമ്മിച്ച സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള സിനിമകളിൽ ഒന്നാണ്. ആസിഫ് അലിയുടെ ചിത്രത്തിലെ അതിഥി വേഷവും അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.
മല്ലു സിങ് മുതൽ തുടർന്ന് അങ്ങോട്ടാണ് ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയതും. എന്നാൽ മല്ലു സിങിനുശേഷം താൻ അണിയറപ്രവർത്തകരോട് പിണങ്ങി ഗുജറാത്തിലേക്ക് പോയിരുന്നുവെന്നും പിന്നീട് മലയാള സിനിമയിലെ സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് സിനിമ ഹിറ്റടിച്ചുവെന്ന് അറിയുന്നതെന്നും പറയുകയാണ് ഉണ്ണി മുകുന്ദൻ.
മുമ്പൊരിക്കൽ ഒരു അഭിമുഖത്തിലാണ് മല്ലു സിങ് സിനിമയുമായി ബന്ധപ്പെട്ട അറിയാക്കഥകൾ ഉണ്ണി മുകുന്ദൻ തന്നെ തുറന്ന് പറഞ്ഞത്. മല്ലു സിങ് ചെയ്തശേഷം ഞാൻ അണിയറപ്രവർത്തകരോട് പിണങ്ങി ഞാൻ ഗുജറാത്തിപ്പോയി. എല്ലാം മതിയാക്കാം എന്ന ചിന്തയായിരുന്നു. കാരണം ചിത്രത്തിൽ എന്റെ ശബ്ദമായിരുന്നില്ല ഉപയോഗിച്ചത്. സൗണ്ട് മാറ്റിയത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
ഞാനാണ് ബെസ്റ്റ് ചെയ്തതെന്നാണ് ഞാൻ കരുതിയത്. പിന്നെയും റീസൺസ് ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ സിനിമയിൽ അഭിനയിക്കാനായിരുന്നു. മല്ലു സിങ് എന്റെ നാലമത്തെയോ അഞ്ചാമത്തെയോ സിനിമയായിരുന്നു. അഞ്ച് സിനിമ ചെയ്തില്ലേ ഇനി മതിയെന്ന തോന്നൽ കൂടി വന്നതുകൊണ്ടാണ് ഗുജറാത്തിലേക്ക് തിരിച്ച് പോയത്.
പിന്നീട് ഒമ്പത് മാസം കഴിഞ്ഞപ്പോൾ ബി. ഉണ്ണികൃഷ്ണൻ ചേട്ടനും മല്ലു സിങിന്റെ റൈറ്ററും എന്നെ വിളിച്ചു. നീ ഇങ്ങോട്ട് വാ... നിന്റെ പ്രശ്നം എന്താണ്...? മല്ലു സിങ് ഇവിടെ ഭയങ്കര ഹിറ്റാണ് എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ഹിറ്റായെന്ന് ഞാൻ അറിഞ്ഞതെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. നടനും അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലമായ മിഥുൻ രമേഷായിരുന്നു മല്ലു സിങിൽ ഉണ്ണി മുകുന്ദന് വേണ്ടി ശബ്ദം നൽകിയത്.
ഉണ്ണിക്ക് ചേരുന്ന ശബ്ദമായിരുന്നു മിഥുന്റേത് എന്നാണ് നടന്റെ വെളിപ്പെടുത്തൽ വൈറലായതോടെ വന്ന ഏറെയും കമന്റുകൾ. മല്ലു സിങ്ങിനുശേഷം മലയാളത്തിലെ താരമൂല്യമുള്ള നടനായി മാറിയ ഉണ്ണി മുകുന്ദൻ മാർക്കോയ്ക്കുശേഷം പാൻ ഇന്ത്യൻ ലെവലിൽ റീച്ചുള്ള താരമാണ്.
#unnimukundan #says #upset #that #time #mallusingh #movie