ചെന്നൈ: മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടനും പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ.
ചെന്നൈയിലെ എംഎൻഎം ആസ്ഥാനത്ത് കമൽ ഹാസൻ പാർട്ടി പതാക ഉയർത്തി. തമിഴ് ജനത നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് ഭാഷയ്ക്കായുള്ള അവരുടെ പോരാട്ടത്തെക്കുറിച്ച് കമൽ ഹാസൻ അടിവരയിട്ട് പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാടിന്റെ ചരിത്രപരമായ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഭാഷാ പ്രശ്‌നങ്ങളെ നിസ്സാരമായി കാണുന്നവർക്ക് കമൽ ഹാസൻ മുന്നറിയിപ്പും നൽകി.
"ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ. അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുത്. കുട്ടികൾക്ക് പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ട്," കമൽ ഹാസൻ പറഞ്ഞു.
പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന തനിക്കെതിരായ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു.
"ഞാൻ വളരെ വൈകി രാഷ്ട്രീയത്തിൽ പ്രവേശിച്ചതുകൊണ്ടുതന്നെ എനിക്ക് പരാജയം തോന്നുന്നുണ്ട്. 20 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു," അദ്ദേഹം പറഞ്ഞു.
ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കുമെന്നും അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
#Tamils #those #sacrificed #their #lives #language #dont #play #around #KamalHaasan