ജോലി കണ്ടെത്തുക എന്നത് പലപ്പോഴും യുവാക്കൾക്ക് വലിയ വെല്ലുവിളി ആയി മാറാറുണ്ട്. പലപല സ്ഥാപനങ്ങളിലേക്ക് അപേക്ഷ അയച്ചും, ഇന്റർവ്യൂവിൽ പങ്കെടുത്തും പ്രതീക്ഷയോടെ കാത്ത് നിന്നാലും ചിലപ്പോൾ ജോലി കിട്ടണം എന്നില്ല. ഇത് വലിയ മനപ്രയാസമാണ് ആളുകളിൽ ഉണ്ടാക്കാറുള്ളത്. എന്നാൽ, എത്ര ശ്രമിച്ചിട്ടും ജോലി കിട്ടാതായ ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്.
ഡേറ്റിംഗ് ആപ്പുകൾ ആളുകൾക്ക് ഡേറ്റ് ചെയ്യാനുള്ളവരെ, പ്രണയിക്കാനുള്ളവരെ കണ്ടെത്താനുള്ളതാണ് അല്ലേ? അതുപോലെ തന്നെയാണ് Hinge എന്ന ഡേറ്റിംഗ് ആപ്പും. എന്നാൽ, ഈ യുവതി ഈ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കണ്ടെത്താൻ ശ്രമിക്കുന്നത് തനിക്ക് യോജിച്ച ഒരു പ്രണയത്തെ അല്ല.
മറിച്ച് തനിക്ക് പറ്റിയ എന്തെങ്കിലും ജോലി ഉണ്ടോ എന്നാണ്. എക്സിലാണ് യുവതി ഡേറ്റിംഗ് ആപ്പിലൂടെ പലർക്കായി അയച്ചതെന്ന് പറയുന്ന മെസ്സേജുകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്.
https://x.com/clawdez/status/1891374329201312066
ജോലിക്കായി നിരവധി അപേക്ഷകൾ അയച്ചെങ്കിലും ഒന്നും നടന്നില്ല എന്നാണ് യുവതി പറയുന്നത്. അതുകൊണ്ടാണ് കാര്യങ്ങളെ വേറൊരു തലത്തിലേക്ക് എത്തിക്കേണ്ടി വന്നതെന്നാണ് അവരുടെ പക്ഷം. യുവതി പങ്കുവച്ച സ്ക്രീൻഷോട്ടുകളിൽ കാണുന്നത്, ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായിട്ടുള്ള പുരുഷന്മാർക്ക് അവർ അയച്ചിരിക്കുന്ന മെസ്സേജുകളാണ്.
യുവതിയുടെ പ്രൊഫൈൽ മാച്ചായവരോട്, ഇപ്പോൾ നിങ്ങൾ ജോലിക്ക് ആളുകളെ എടുക്കുന്നുണ്ടോ, ജോലി എന്തെങ്കിലും ഉണ്ടോ എന്നെല്ലാം യുവതി ചോദിച്ചിരിക്കുന്നതായി സ്ക്രീൻഷോട്ടിൽ കാണാം. എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്ന പോസ്റ്റ് കണ്ടിരിക്കുന്നത് 2.1 മില്ല്യൺ ആളുകളാണ്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവതിക്ക് ഈ പരീക്ഷണത്തിൽ എന്തായാലും ഒരു ജോലി കിട്ടും എന്ന് നിരവധിപ്പേരാണ് പറഞ്ഞിരിക്കുന്നത്. ചിലർ എന്താണ് അവരുടെ യോഗ്യത എന്ന് ചോദിച്ചിട്ടുണ്ട്. നിലവിൽ ഓഡിയോ എഞ്ചിനീയറിംഗ്/ സ്റ്റുഡിയോ ഹാൻഡ് എന്നാണ് യുവതി പറയുന്നത്. എന്ത് ജോലിയും പഠിക്കാനും ചെയ്യാനും അവർ തയ്യാറാണ് എന്നും പറയുന്നുണ്ട്.
#woman #seeking #job #via #dating #app #hinge #profile #match