( moviemax.in ) ഐഐടിയിലും എൻഐടിയിലും ഒക്കെ ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കൾ നമുക്ക് ചുറ്റിലും ഉണ്ട്. അതുപോലെ, തങ്ങളുടെ മക്കൾക്ക് ഇത്തരം സ്ഥാപനങ്ങളിൽ സീറ്റ് കിട്ടണം എന്ന് ആഗ്രഹിക്കുന്നവരും ഒരുപാടുണ്ട്.
അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഐഐടിയിൽ സീറ്റ് നേടിയാൽ അച്ഛൻ തനിക്ക് എന്താണ് വാഗ്ദ്ധാനം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്.
പോസ്റ്റിൽ കടലാസിൽ പേന കൊണ്ട് എഴുതി തയ്യാറാക്കിയ ഒരു കുറിപ്പിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. താൻ ഐഐടി, എൻഐടി, ഐഐഐടി, ബിറ്റ്സാറ്റ് പോലെയുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയാൽ അച്ഛൻ വിരമിക്കുന്നത് വരെ അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ 40 % തരാം എന്നാണ് അച്ഛൻ പറയുന്നത് എന്നാണ് യുവാവ് പറയുന്നത്. ടയർ 2,3 കോളേജുകളിൽ ആണ് ചേരുന്നതെങ്കിൽ റിട്ടയർമെന്റ് വരെ തന്റെ 100 % ശമ്പളവും താൻ അച്ഛന് നൽകണമെന്ന് അച്ഛൻ പറഞ്ഞുവെന്നും യുവാവ് പറയുന്നു.
റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അച്ഛൻ എഴുതിയത് എന്ന് പറയുന്ന കുറിപ്പിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് രസകരമായ കമന്റുകളുമായി എത്തിയത്. ഒരാൾ കുറിച്ചത്, 'എനിക്കാണ് ഐഐടിയിൽ പ്രവേശനം കിട്ടുന്നതെങ്കിൽ എന്റെ അച്ഛൻ അപ്പോൾ തന്നെ ജോലിയിൽ നിന്നും വിരമിക്കും' എന്നാണ്.
മിക്കവാറും ആളുകൾ പോസ്റ്റിനെ തമാശയായി കണ്ടിട്ടാണ് കമന്റുകൾ നൽകിയത് എങ്കിലും ചിലർ അതിനെ വളരെ സീരിയസായി കണ്ട് കമന്റുകൾ നൽകിയിട്ടുമുണ്ട്. എന്തായാലും പോസ്റ്റിട്ട യൂസർ പിന്നീട് ഒരു വിശദീകരണം കൂടി അതിന് നൽകി. താനും അച്ഛനും പരസ്പരം ഇങ്ങനെ രേഖാമൂലം ചില പ്രഖ്യാപനങ്ങൾ തമാശയ്ക്ക് നടത്താറുണ്ട് എന്നാണ് യുവാവ് പറയുന്നത്.
പത്താം ക്ലാസിൽ 90 ശതമാനം മാർക്ക് വാങ്ങിയാൽ എന്ന് പറഞ്ഞ് താനൊരു കുറിപ്പ് ഇതുപോലെ തയ്യാറാക്കി അച്ഛന് നൽകിയിരുന്നു. അതുപോലെ, നേരത്തെ എണീറ്റാൽ എന്നെ അച്ഛൻ ഒരു യാത്രക്ക് കൊണ്ടുപോകുമെന്ന ഉറപ്പ് അച്ഛനും എഴുതി നൽകിയിരുന്നു. അച്ഛനും മക്കളുമായാൽ ഇത്തരം വാഗ്ദ്ധാനങ്ങൾ പങ്കുവയ്ക്കാറില്ലേ. അത്രയേ ഉള്ളൂ എന്റെ അച്ഛൻ അത് എഴുതി തന്നെ തയ്യാറാക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും യുവാവ് കുറിച്ചു.
#father #declaration #will #give #40 #percent #salary #monthly #son #gets #admission #iit #nit #viral #post