തിരുവനന്തപുരം: (moviemax.in) പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (93) അന്തരിച്ചു. തൈക്കാട് മോഡൽ സ്‌കൂളിനരികിൽ ടി.എസ്.ജി.ആർ.എ-12ൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
സർക്കാരിനുവേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ, ഹരികുമാറിന്റെ സ്‌നേഹപൂർവം മീര, ജേസിയുടെ അശ്വതി എന്നീ സിനിമകൾക്ക് തിരക്കഥ-സംഭാഷണം, കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ലളിതാംബിക അന്തർജനത്തിന്റെ മാണിക്കൻ തുടങ്ങിയ ടെലിഫിലിമുകൾക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുർബലം എന്ന സീരിയലിനും തിരക്കഥയെഴുതി.
നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന ശ്രീവരാഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ ഉൾക്കരുത്തുള്ള നിരൂപണങ്ങളെഴുതി.
അബ്ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര 1985-ൽ അരവിന്ദൻ വരച്ച കവർചിത്രത്തോടെ പുസ്തകമായി പ്രസിദ്ധീകരിച്ചത് ശ്രീവരാഹമാണ്.
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എൻ.മുരളീധരൻ നായരുമായി ചേർന്ന് നവധാര എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നു. സിക്കന്ദർ ഭക്ത് മുതൽ പി.സദാശിവം വരെ വിവിധ കേരള ഗവർണർമാരുടെ പി.ആർ.ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട്.
അന്തരിച്ച കവി നീലംപേരൂർ മധുസൂദനൻ നായരുമായി ചേർന്ന് തത്തമ്മ എന്ന കുട്ടികളുടെ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്ക് പിന്നിൽ അടൂർ, കുളത്തൂർ ഭാസ്‌കരൻ നായർ എന്നിവർക്കൊപ്പം ശ്രീവരാഹം ബാലകൃഷ്ണനുമുണ്ടായിരുന്നു.
സംസ്ഥാന ടെലിവിഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പി.എസ്.രാധ. മക്കൾ: ശ്യാംകൃഷ്ണ (പത്രപ്രവർത്തകൻ), സൗമ്യകൃഷ്ണ (അധ്യാപിക, അബുദാബി). മരുമകൻ: ശ്യാംകുമാർ (അബുദാബി). നടനും നാടകകൃത്തുമായിരുന്ന അന്തരിച്ച പി. ബാലചന്ദ്രൻ ഭാര്യാസഹോദരനാണ്.
മൃതശരീരം ബുധനാഴ്ച രാവിലെ 10-ന് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ.
#Story #writer #film #critic #SrivarahamBalakrishnan #passed #away