---
title: "'മാമാങ്കം സമയത്ത് ഒരുപാട് ചീത്ത കിട്ടി, ആ പാഠം മറക്കില്ല; 100 കോടി എന്ന് പറയുന്നത് വെറും നുണ!': മാളികപ്പുറത്തിന്റെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി"
english_title: "Venu Kunnappilly reveals the real figures of Malikappuram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346166/venu-kunnappilly-reveals-the-real-figures-of-malikappuram"
published_at: "2026-03-07T11:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abbf23eb10c_Venu_Kunnappilly_reveals_the_real_figures_of_Malikappuram.jpg"
keywords: []
---

# 'മാമാങ്കം സമയത്ത് ഒരുപാട് ചീത്ത കിട്ടി, ആ പാഠം മറക്കില്ല; 100 കോടി എന്ന് പറയുന്നത് വെറും നുണ!': മാളികപ്പുറത്തിന്റെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി

> **Lead Summary:** 2022-ൽ പുറത്തിറങ്ങി വൻ വിജയമായ 'മാളികപ്പുറം' സിനിമയുടെ യഥാർത്ഥ കളക്ഷൻ കണക്കുകൾ വെളിപ്പെടുത്തി നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിത്രം 100 കോടി രൂപ നേടിയെന്ന തരത്തിൽ അന്ന് പോസ്റ്ററുകൾ പ്രചരിച്ചിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ 75 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷനെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

2022-ൽ പുറത്തിറങ്ങി വൻ വിജയമായ 'മാളികപ്പുറം' സിനിമയുടെ യഥാർത്ഥ കളക്ഷൻ കണക്കുകൾ വെളിപ്പെടുത്തി നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിത്രം 100 കോടി രൂപ നേടിയെന്ന തരത്തിൽ അന്ന് പോസ്റ്ററുകൾ പ്രചരിച്ചിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ 75 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷനെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ശബരിമല പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനും ബാലതാരം ദേവനന്ദയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം തിയറ്ററുകളിൽ വൻ തരംഗമുണ്ടാക്കിയിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയെന്ന പ്രചരണങ്ങൾക്കിടയിലാണ്, വസ്തുതാപരമായ കണക്കുകൾ പങ്കുവെച്ചുകൊണ്ട് നിർമ്മാതാവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും ഒരു ചെറിയ ബജറ്റ് ചിത്രത്തെ സംബന്ധിച്ചിടത്തോളം 75 കോടി എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> ആ ക്ലാരിഫിക്കേഷൻ വരുത്തിയത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് വേണു കുന്നപ്പിള്ളി ഇപ്പോൾ. "നേരത്തെ മാമാങ്കത്തിൽ പല ഫി​ഗറുകളും പറഞ്ഞ് കഴിഞ്ഞ് അവസാനം ആളുകൾ വന്ന് ട്രോളി. നമ്മളെ ചീത്ത പറഞ്ഞു. അന്ന് ഞാനൊരു പാഠം പഠിച്ചിരുന്നു. ഇല്ലാത്ത കാര്യം പറയേണ്ട ആവശ്യമില്ല. 100 കോടി എന്ന് പറയുന്നത് ഒരു നിർമാതാവിനെ സംബന്ധിച്ച് യാതൊരു കാര്യവുമില്ല. കിട്ടിയത് എത്ര എന്നത് പറഞ്ഞാൽ മതി. പക്ഷേ 100 കോടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ പ്രവർത്തിക്കുന്നൊരാൾ വേറൊരു പടത്തിൽ പോകുമ്പോൾ എന്റെ പടം ഇത്ര നേടി എന്ന് പറയാം. എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യമില്ല. ആവശ്യമില്ലാതെ നുണ പറയാൻ താല്പര്യമില്ല. 100 കോടി പോസ്റ്റർ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എനിക്കതിന് പറ്റില്ലെന്ന് പറഞ്ഞു. മാമാങ്കം സമയത്ത് ഞാനത് ചെയ്തിരുന്നു. ആവശ്യത്തിൽ കൂടുതൽ ചീത്തയും കിട്ടി", എന്നായിരുന്നു വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. കല്ലു എന്ന 8 വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റി കഥ പറഞ്ഞ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയാണ്. ഉണ്ണി മുകുന്ദൻ, ദേവനന്ദ, ശ്രീപഥ്, സൈജു കുറുപ്പ് , മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത്, ടി.ജി. രവി, ശ്രീജിത്ത് രവി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346166/venu-kunnappilly-reveals-the-real-figures-of-malikappuram)