Feb 13, 2025 07:21 AM

വിമർശകരും നിരൂപകരും മലയാളം സിനിമയ്ക്ക് നൽകിയിട്ടുള്ള 'നല്ല സിനിമ' ടാഗ് വലിയ പരിമിതിയാണ് ഉണ്ടാക്കുന്നതെന്ന് നടൻ ഉണ്ണി മുകുന്ദൻ. അതുകൊണ്ട് തന്നെ മറ്റ് ഇൻഡസ്ട്രികൾക്കില്ലാത്ത ഒരു സമ്മർദ്ദം മലയാളം സിനിമ അനുഭവിക്കുന്നുണ്ട്.

ചെയ്യുന്ന സിനിമകളെല്ലാം 'ഗുഡ് സിനിമ' എന്ന ടാഗ് പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരും, അതിലേക്ക് മാത്രം പ്രേക്ഷകരെ എത്തിക്കേണ്ടതായി വരും. പക്ഷെ തന്നെപ്പോലെയുള്ളവർക്ക് അത് ഭാരമായിട്ടാണ് തോന്നുന്നത്.

'ഗുഡ് സിനിമ' ടാഗിൽ മാത്രം സിനിമ ചെയ്യണം എന്ന് നിർബന്ധിക്കരുത് എന്നാണ് നിരൂപകരോട് തനിക്ക് പറയാനുള്ളതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

'മാർക്കോയിൽ കണ്ടിട്ടുള്ള ആക്ഷൻ സീക്വൻസ് ഒരു ഇന്ത്യൻ സിനിമയിൽ മുൻപ് കണ്ടിട്ടുണ്ടാകില്ല. ഒരു മലയാളം സിനിമയിൽ നിന്ന് തീർച്ചയായും ഇത് പ്രേക്ഷകർ പ്രതീക്ഷിക്കില്ല.

മലയാളം ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം മികച്ച സിനിമകളുടെ പേരിലാണ് ഇൻഡസ്ട്രിക്ക് പ്രശസ്തി ഉള്ളത്. 'നീറ്റായ ചിത്രങ്ങൾ' എന്ന നിലയിലാണ് മലയാളം ഇൻഡസ്ട്രി അറിയപ്പെടുന്നത്. പക്ഷെ എന്നെപ്പോലെ ഉള്ളവർക്ക് അതൊരു ഭാരമായിട്ടാണ് തോന്നുന്നത്.

കാരണം എല്ലാ സിനിമകളിലും 'ഗുഡ് സിനിമ' എന്ന ടാഗ് പിന്തുടരാൻ കഴിയുന്നുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയുള്ളപ്പോൾ 'നല്ല സിനിമകൾ' മാത്രം ചെയ്യുന്ന ഒരു സ്ഥലത്തേക്ക് പ്രേക്ഷകരെ കൊണ്ടുവരേണ്ടി വരും.

അല്ലെങ്കിൽ ബെഞ്ച്മാർക്ക് ചിത്രങ്ങൾ മാത്രം ചെയ്യേണ്ടി വരും. അങ്ങനെയൊരു പ്രഷർ തെലുങ്ക് ഇൻഡസ്ട്രിക്കോ ഹിന്ദി ഇൻഡസ്ട്രിക്കോ തമിഴ് ഇൻഡസ്ട്രിക്കോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല', ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയായ മാർക്കോ ആണ് ഉണ്ണി മുകുന്ദൻ നായകനായി ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ.

മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് സിനിമ നിർമിച്ചത്.

ചിത്രം ഫെബ്രുവരി 14ന് സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്.

അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്.





#Malayalam #cinema #experiencing #pressure #other #film #industries #Unnimukundan

Next TV

Top Stories










News Roundup