---
title: "‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'-  കുറിപ്പ് ശ്രദ്ധേയമാകുന്നു "
english_title: "‘Send a foster child to be beaten up for money’ - note goes vairal "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2680/send-a-foster-child-to-be-beaten-up-for-money-note-goes-vairal"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d1851a3f1d7_vis.jpg"
keywords: []
---

# ‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'-  കുറിപ്പ് ശ്രദ്ധേയമാകുന്നു 

> **Lead Summary:** ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് പറയേണ്ടി വരുന്ന തരത്തില്‍ ആവുന്നു സ്ഥിതി .സ്ത്രീയെന്നതാണ് ധനം എന്നത് മനസിലാക്കുന്നവര്‍ ദിനംപ്രതി കുറയുന്നു . ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയ എന്ന പേര് നാളെ വീണ്ടും മാറാം .

## Article Content

ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് പറയേണ്ടി വരുന്ന തരത്തില്‍ ആവുന്നു സ്ഥിതി .സ്ത്രീയെന്നതാണ് ധനം എന്നത് മനസിലാക്കുന്നവര്‍ ദിനംപ്രതി കുറയുന്നു . ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയ എന്ന പേര് നാളെ വീണ്ടും മാറാം .

> "ഇരുപത്തിനാല് വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത്‌ ഒരു തുണ്ട്‌ കയറിനാലാണെന്ന്‌ പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത്‌ ആത്മഹത്യയോ അല്ലയോ എന്നൊന്നും പറയാനില്ല, വിഷയം അതല്ല താനും. അവൾ അവളുടെ സ്വന്തം കുടുംബാംഗങ്ങൾക്ക്‌ അയച്ച അവളുടെ മുഖം കൃത്യമായി പതിഞ്ഞ ചിത്രങ്ങളടക്കം വാർത്തയിൽ കണ്ടു. തല്ലി ചുവന്ന പാടുകളും നെറ്റി മുഴച്ചതും കൈയിലെ ചോര കല്ലിപ്പും പിന്നെയും വേദന നുരയുന്ന വേറെ കുറേ പടങ്ങളും. സ്‌ത്രീധനമായിരുന്നത്രേ വിഷയം."- ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

**

കുറിപ്പ് വായിക്കാം:**

ഇരുപത്തിനാല് വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത്‌ ഒരു തുണ്ട്‌ കയറിനാലാണെന്ന്‌ പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത്‌ ആത്മഹത്യയോ അല്ലയോ എന്നൊന്നും പറയാനില്ല, വിഷയം അതല്ല താനും.അവൾ അവളുടെ സ്വന്തം കുടുംബാംഗങ്ങൾക്ക്‌ അയച്ച അവളുടെ മുഖം കൃത്യമായി പതിഞ്ഞ ചിത്രങ്ങളടക്കം വാർത്തയിൽ കണ്ടു. തല്ലി ചുവന്ന പാടുകളും നെറ്റി മുഴച്ചതും കൈയിലെ ചോര കല്ലിപ്പും പിന്നെയും വേദന നുരയുന്ന വേറെ കുറേ പടങ്ങളും. സ്‌ത്രീധനമായിരുന്നത്രേ വിഷയം. ബാക്കിയുള്ള സ്‌ത്രീധനം ചോദിച്ച്‌ അവന്റെ കൊടിയ പീഡനമായിരുന്നത്രേ നിത്യം.

തെളിയിക്കപ്പെടാത്തിടത്തോളം ഇതെല്ലാം ആരോപണങ്ങളാണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, അവളുടെ ചാറ്റ്‌ സ്‌ക്രീൻഷോട്ടടക്കം പലയിടങ്ങളിലായി കാണുന്നു. മിനിയാന്ന്‌ തല്ലിയെന്നും, അടി കൊണ്ട്‌ കിടന്നപ്പോൾ മുഖത്ത്‌ ചവിട്ടിയെന്നും, ഇടക്കിടെ അയാൾ തല്ലുമായിരുന്നെന്നും.

> എനിക്ക്‌ മനസ്സിലാകാത്തത്‌ ഇതൊന്നുമല്ല- ഇന്ന്‌, ഈ കാലത്തും നിലനിൽക്കുന്ന ''പെൺകുട്ടിയെ പറഞ്ഞയക്കുന്നതല്ലേ, വെറും കൈയോടെ എങ്ങനെ" എന്ന്‌ പറഞ്ഞ്‌ വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുന്ന, എന്ത് സംഭവിച്ചാലും "അവന്റെ കാൽച്ചോട്ടിൽ ആണ്‌ മോളേ സ്വർഗം, ക്ഷമിക്കണം, സഹിക്കണം" എന്ന് 'ആശ്വസിപ്പിക്കുന്ന', മകൾ വീട്ടിലേക്ക്‌ തിരിച്ച്‌ പോന്നാൽ 'നാണക്കേട്' വിചാരിക്കുന്ന, തലക്ക്‌ മുകളിൽ വട്ടംചുറ്റുന്ന ദുരിതം സഹിക്കുന്നത്‌ നിർത്തി ഇറങ്ങിപ്പോരാൻ ഭയന്ന്‌ സർവ്വംസഹയായി പെൺകുട്ടികൾ നില കൊള്ളുന്ന, സ്വന്തംകാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന്‌ മുൻപ്‌ ഒരു കപ്പ്‌ ചായ കൊടുത്ത സൗഹൃദം മാത്രം മകൾക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്‌ഥയെയാണ്‌, വ്യവസ്‌ഥിതിയെയാണ്‌.

**

എത്ര പെൺമക്കളെ ബലി കൊടുത്താലാണ്‌ പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച്‌ ദൂരെക്കളഞ്ഞ്‌ ജീവിക്കാൻ തീരുമാനിച്ച്‌ കാൽചുവടുകളിൽ നിന്ന്‌ ഇറങ്ങിപ്പോരാൻ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങൾക്കുണ്ടാകുക.

> "ഞാൻ ജീവിക്കും, നീ പോടാ പുല്ലേ" എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത്‌ വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ?എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്‌? ആ പെൺകുട്ടിക്ക്‌ ആത്മശാന്തി നേരുന്നു. ഒപ്പം, ഇന്നും ജീവനോടെയിരിക്കേണ്ടിയിരുന്ന ഒരുവളെയോർത്ത്‌, അല്ല ഒരുപാട്‌ സ്‌ത്രീകളെയോർത്ത്‌ നെഞ്ച്‌ പിടയുകയും ചെയ്യുന്നു.വല്ലാതെ വേദനിക്കുന്നുണ്ട്‌.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/2680/send-a-foster-child-to-be-beaten-up-for-money-note-goes-vairal)