സിനിമാ രംഗത്ത് സജീവമല്ലെങ്കിലും നടി ലിസിയെ പ്രേക്ഷകർ മറന്നിട്ടില്ല. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന ലിസി സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്ത ശേഷമാണ് ഇടവേളയെടുത്തത്.
സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു പ്രിയദർശൻ-ലിസി പ്രണയം. വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ലിസി പ്രിയദർശനം വിവാഹം ചെയ്തത്. ഈ ബന്ധത്തെ സിനിമാ രംഗത്തെ പലരും പിന്തുണച്ചു.
ഇതിലൊരാളായിരുന്നു അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. ലിസിയുടെ വിവാഹത്തിന് മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നടത്തിയവരിൽ ഒരാൾ കൊച്ചിൻ ഹനീഫയാണ്.
ലിസിയും കൊച്ചിൻ ഹനീഫയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ആലപ്പി അഷ്റഫ്. അവസാന കാലത്ത് കരൾ രോഗബാധിതനായ കൊച്ചിൻ ഹനീഫയെ സഹായിച്ചത് ലിസിയാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ലിസി പറഞ്ഞാൽ മാത്രമേ ഹനീഫ മരുന്നുകൾ കഴിക്കുമായിരുന്നുള്ളൂ. ഹനീഫിക്കയുടെ അശ്രദ്ധ കൊണ്ടാണ്, അല്ലെങ്കിൽ ഇപ്പോഴും നമ്മുടെ കൂടെ കാണുമായിരുന്നെന്ന് ലിസി പറയും.
ലിവറിന്റെ അസുഖം ആദ്യമേ കണ്ടുപിടിച്ചപ്പോൾ ഹനീഫ അത് നിസാരമായി കണക്കാക്കി. എല്ലാവരിൽ നിന്നും മറച്ച് വെച്ചു. രോഗം കണ്ട് പിടിച്ചപ്പോൾ ഫസ്റ്റ് സ്റ്റേജായിരുന്നു. ചികിത്സിച്ച് ഭേദമാക്കാമായിരുന്നു.
എന്നാൽ സ്വന്തം ഭാര്യയോട് പോലും നിസാര രോഗമാണെന്ന് പറഞ്ഞ് മറച്ച് വച്ചു. കരളിന്റെ അസുഖമായതിനാൽ മദ്യപാനമായിരിക്കും കാരണമെന്ന് പലരും കരുതും.
എന്നാൽ കൊച്ചിൻ ഹനീഫ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. അഞ്ച് നേരം നിസ്കരിക്കുന്ന ആളായിരുന്നു. ചികിത്സിച്ച ചില ഡോക്ടർമാർ വളരെ സ്ട്രിക്റ്റായി പറഞ്ഞാൽ പിന്നെ ഹനീഫ ആ ഡോക്ടറുടെയടുത്ത് പോകില്ല.
പുതിയ ഡോക്ടറെ സമീപിക്കും. രോഗം മറച്ച് വെച്ച് അഭിനയം തുടർന്ന് കൊണ്ടിരുന്നു. രോഗത്തിന്റെ സ്റ്റേജുകൾ മാറിക്കൊണ്ടിരുന്നു. അവസാനം ചികിത്സിച്ചത് മദ്രാസിലെ ലിസിയുടെ സുഹൃത്തായ ഡോക്ടറുടെയടുത്താണ്.
ഇത് നാലാമത്തെ സ്റ്റേജാണ് ഇനി സാധ്യതകൾ കുറവാണെന്ന് ഡോക്ടർ ലിസിയോട് രഹസ്യമായി പറഞ്ഞു.
ലിസി ആദ്യം ഈ വിവരം അറിയിച്ചത് മമ്മൂട്ടിയെയാണ്. തുടർന്ന് ജോഷി, ദിലീപ് തുടങ്ങിയവരെയും വിളിച്ചു. ഹനീഫയുടെ ഭാര്യയോട് പോലും വിവരം പറഞ്ഞത് ലിസിയാണ്. എല്ലാവരും ഹനീഫയെ ഒരു നോക്ക് കാണാൻ ആശുപത്രിയിലെത്തി.
താനെന്തിനാണ് ഇത് മറച്ച് വെച്ചത് എയ്ഡ്സ് ഒന്നുമല്ലല്ലോയെന്ന് മമ്മൂട്ടി ഹനീഫയോട് സങ്കടത്തോടെ ചോദിച്ചു. അവിടെ കൂടിയ എല്ലാവർക്കും ഇതേ അഭിപ്രായമായിരുന്നെന്നും ആലപ്പി അഷ്റഫ് ഓർത്തു.
അവസാന നാളുകളിൽ ഹനീഫയെ ഏറ്റവുമധികം ശുശ്രൂഷിച്ചത് ലിസിയാണ്. ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്നുകൾ പോലും ലിസി അമേരിക്കയിൽ നിന്ന് വരുത്തി. ഡ്രിപ്പിട്ട് നീര് വെച്ച് നീലിച്ച കയ്യിലെ ഭാഗം മരുന്ന് വെച്ച് തുടയ്ക്കുമ്പോൾ ഹനീഫിക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടിട്ടുണ്ടെന്ന് ലിസി പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ഓർത്തു.
നിന്റെ കയ്യിൽ നിന്ന് ഒരുപാട് പണം ചെലവായിട്ടുണ്ടെന്ന് എനിക്കറിയാം മോളെ എന്ന് ഹനീഫ പറഞ്ഞപ്പോൾ ലിസി മറുപടി എന്റെ സ്വന്തം സഹോദരന് വേണ്ടിയല്ലേ, അതൊന്നും കാര്യമാക്കേണ്ട എന്നാണ്.
പിന്നീട് കോമയിലേക്ക് പോയ ഹനീഫ ഒരിക്കലും ഉണർന്നില്ലെന്നും ആലപ്പി അഷ്റഫ് ഓർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.
#Hiding #everyone #Lizzie #brought #medicine #worth #millions #America #alleppeyashraf