(moviemax.in) തെലുങ്ക് സിനിമയില്‍ നിന്നും റിലീസ് കാത്തു നില്‍ക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനാകുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ്, കാജള്‍ അഗര്‍വാള്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാല്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് നായകന്‍ വിഷ്ണു മഞ്ചു. ക്രിക്കറ്റില്‍ സച്ചിനൊപ്പം ബാറ്റ് ചെയ്യുന്നതിന് തുല്യമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാല്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ലെന്നും വിഷ്ണു മഞ്ചു പറയുന്നു. ആ വാക്കുകളിലേക്ക്.
''നമ്മുടെ കഴിവ് പരീക്ഷിക്കണമെങ്കില്‍ ഏറ്റവും മികച്ചവരുമായി മത്സരിക്കണം. ക്രിക്കറ്റില്‍ ബാറ്റര്‍ ആണെങ്കില്‍ സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് അദ്ദേഹത്തിന്റെ ടെക്‌നിക് കണ്ടു പഠിക്കാം, ബൗളര്‍ ആണെങ്കില്‍ സച്ചിനെതിരെ പന്തെറിഞ്ഞും നോക്കാം.
അങ്ങനെയാണ് നമ്മള്‍ എത്ര മിടുക്കുള്ളവരാണെന്ന് മനസിലാക്കാന്‍ സാധിക്കുക. അതുപോലെയാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയം എനിക്ക്.
അദ്ദേഹത്തെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. അദ്ദേഹത്തെ പോലൊരു ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്നുവെന്നത് സര്‍റിയല്‍ ആയൊരു നിമിഷമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കണ്ണില്‍ മാത്രമാണ് നോക്കിക്കൊണ്ടിരുന്നത്.
ഷൂട്ടിന്റെ രണ്ടാം ദിവസം അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ മരണം വരെ ഞാന്‍ മറക്കില്ല. ആ വാക്കുകള്‍ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും.
അദ്ദേഹത്തോട് നാല് പേജുള്ള മോണോലോഗ് പറയുന്നതായിരുന്നു രംഗം. ഞാനത് പറഞ്ഞ ശേഷവും അവിടെ തന്നെ ഇരുന്ന് അദ്ദേഹത്തെ നോക്കി കരയുകയാണ്. കട്ട് പറഞ്ഞതും അദ്ദേഹം മുന്ന് സ്റ്റെപ്പ് മുന്നോട്ട് വച്ച് എന്റെ അടുത്തേക്ക് വന്നു.
ഗുഡ് ജോബ് മോനേ, വെരി വെല്‍ എന്ന് പറഞ്ഞ് അദ്ദേഹം തിരിച്ച് നടന്നു പോയി. ഞാന്‍ അവിടെ തന്നെ ഇരുന്നു. എന്റെ കണ്ണ് നിറഞ്ഞൊഴുകി. മോഹന്‍ലാല്‍ എന്റെ അരികിലേക്ക് വരികയും അഭിനന്ദിക്കുകയും ചെയ്തുവെന്നത് വിശ്വസിക്കാനായില്ല.
അദ്ദേഹം വളരെ കൂളാണ്. അനാവശ്യമായൊന്നും സംസാരിക്കില്ല. വെറുതെ പ്രശംസ പറയുകയും ചെയ്യില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് ഒട്ടും ചെറുതല്ല.''
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന കണ്ണപ്പയുടെ നിര്‍മ്മാണം മോഹന്‍ ബാബുവാണ്. ശിവ ഭക്തനായ കണ്ണപ്പയുടെ കഥയാണ് സിനിമ പറയുന്നത്.
മോഹന്‍ ബാബു, ആര്‍ ശരത്കുമാര്‍, രാഹുല്‍ മാധവ്, പ്രീതി മുകുന്ദന്‍, മാധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏപ്രിലിലാണ് സിനിമയുടെ റിലീസ്.
#vishnumanchu #about #Acting #Mohanlal #like #batting #SachinTendulkar