മേക്കപ്പ് ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത രഞ്ജു രഞ്ജിമാർക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിൽ ഏറ്റവും തിരക്കേറിയ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന രഞ്ജുവിന് പിന്നീട് അവസരങ്ങൾ കുറഞ്ഞു.
പ്രതിസന്ധിയിലായ ആ നാളുകളെക്കുറിച്ച് രഞ്ജു ഇന്നും സംസാരിക്കാറുണ്ട്. നടി മംമ്ത മോഹൻദാസിന്റെ പിന്തുണയാണ് കരിയറിലേക്ക് രഞ്ജുവിനെ തിരിച്ചെത്തിച്ചത്. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതാണ് തനിക്ക് അവസരങ്ങൾ ഇല്ലാതാകാൻ കാരണമെന്ന് രഞ്ജു പറഞ്ഞിട്ടുണ്ട്.
ഭീഷണികൾക്ക് താൻ വഴങ്ങില്ലെന്നും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുമെന്നും മേക്കപ്പ് ആർട്ടിസ്റ്റ് ഒന്നിലേറെ തവണ വ്യക്തമാക്കി. പ്രതിസന്ധികൾ അതിജീവിക്കാൻ ഈ വർഷം രഞ്ജു രഞ്ജിമാർക്ക് സാധിച്ചു. 2024 കടന്ന് പോകുമ്പോൾ രഞ്ജു രഞ്ജിമാർക്ക് ഓർമകൾ ഏറെയാണ്. കരിയറിലെ നേട്ടങ്ങളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം രഞ്ജുവിന് മറക്കാനാകാത്ത ഓർമകളാണ്. ഇതേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് രഞ്ജു രഞ്ജിമാർ ഇപ്പോൾ.
അങ്ങനെ 2024 എന്ന വർഷം പടി ഇറങ്ങാൻ മണിക്കൂറുകൾ മാത്രം. ഒന്ന് ഓർത്തു നോക്കൂ 2024. ചിലർക്ക് ഒത്തിരി സന്തോഷം, ആഗ്രഹ സാഫല്യം എല്ലാം നൽകിയും ചിലർക്ക് പ്രതീക്ഷിക്കാതെ വന്നു ചേർന്ന സന്തോഷങ്ങൾ.
ചിലർക്ക് നൊമ്പരങ്ങൾ നൽകിയും, ചിലർക്ക് മനസ്സിൽ മുറിവുകൾ സമ്മാനിച്ചും ഈ വർഷം യാത്ര പറയാൻ ഒരുങ്ങുന്നു. ഇനി നാളെ ഒരു ദിനം കൂടെ കഴിഞ്ഞാൽ നമ്മൾ പരസ്പരം ആശംസകൾ അറിയിക്കും. ആ ആശംസകൾ സത്യം ഉള്ളതാകട്ടെ. മനസ്സിൽ കളങ്കം ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്ന ഒരു പുതുവർഷം വരട്ടെ.
2024 എന്നെ സംബന്ധിച്ചു കുറെ ഏറെ വേദനകൾ സമ്മാനിച്ചു. ആരോടും ഷെയർ ചെയ്യാൻ പറ്റാത്ത ചില ദുസ്വപ്നങ്ങൾ മിന്നി മാറി വന്നുകൊണ്ടിരുന്നു. ആരാണ് ശരി? ആരാണ് തെറ്റ്? തിരിച്ചറിയാൻ കഴിയാതെ ഞാൻ എല്ലാം ചിരിയും സന്തോഷത്തോടെ സ്വീകരിച്ചു.
മനസ്സിൽ പതിച്ച ചില മുഖങ്ങൾ അവ്യക്തമാകാതിരിക്കാൻ ഞാൻ തന്നെ അതിനെ തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു. ഏറ്റവും കൂടുതൽ സന്തോഷം നൽകിയും 2024 എന്നോട് കരുണ കാട്ടി.
എന്റെ സ്വപ്ന നഗരമായ ദുബായ് എനിക്ക് ഒരിടം കിട്ടി. സ്ട്രീറ്റിൽ കൂടി നടക്കുന്ന ചിലർ എന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് കൗതുകത്തോടെ നിൽക്കുന്ന കാഴ്ച്ച എന്നെ കൂടുതൽ സുന്ദരിയാക്കിയത് പോലെ തോന്നി. എന്നെ കൂടുതൽ ഉൾകൊണ്ട സൗഹൃദം കിട്ടി. എന്റെ വിശേഷ ദിവസം എന്നെ കൂടുതൽ സന്തോഷവതിയാക്കാൻ അവൾ ശ്രമിച്ചു.
ദുബായ് നഗരത്തിൽ എന്നെ കാണാൻ തിടുക്കം കൂട്ടിയ ചില മുഖങ്ങളിൽ എന്നോടുള്ള സ്നേഹം കാണാൻ കഴിഞ്ഞു, ഒരു കുഞ്ഞു കൂട്ടുകാരിയെ എനിക്ക് കിട്ടി. ആ സന്തോഷത്തിലും ഞാൻ 100% വിട്ടുകൊടുത്ത എന്റെ സ്നേഹം എവിടെയോ എനിക്ക് നഷ്ടം ആയതും ഞാൻ അറിഞ്ഞു.
നെഞ്ചിൽ ബ്ലേഡ് കൊണ്ട് മുറിയുന്നത് പോലെ ചില വാക്കുകൾ ചെവിയിൽ പ്രകമ്പനം കൊള്ളിക്കുന്നു എന്നത് ഒഴിച്ച് ഞാൻ ഹാപ്പി ആയിക്കൊണ്ടിരിക്കുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ. ലവ് യു ഓൾ, രഞ്ജു രഞ്ജിമാറുടെ കുറിപ്പിങ്ങനെ.
ദുബായിൽ ഇന്ന് രഞ്ജുവിന് ബ്യൂട്ടി കെയർ സ്ഥാപനമുണ്ട്. സെലിബ്രിറ്റി മേക്ക് ആർട്ടിസ്റ്റ് എന്നതിനപ്പുറം ബ്യൂട്ടിക് ഉടമയും മേക്കപ്പ് പരിശീലകയുമാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പിനോടുള്ള അതിയായ പാഷനാണ് രഞ്ജു രഞ്ജിമാറെ ഇന്നത്തെ ഉയരത്തിലെത്തിച്ചത്. ചെറുപ്രായം മുതൽ മേക്കപ്പ് ചെയ്യുന്നതും ആളുകളെ ഒരുക്കുന്നതും തനിക്ക് ഇഷ്ടമായിരുന്നെന്നാണ് രഞ്ജു നേരത്തെ പറഞ്ഞിട്ടുള്ളത്.
#renjurenjimar #shares #her #experiences #2024 #says #she #got #hurt #but #happy #now