( moviemax.in ) തബല മാന്ത്രികൻ സാക്കിർ ഹുസൈന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, എആർ റഹ്മാൻ, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖരാണ് സാക്കിർ ഹുസൈന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചത്.
ഇന്ന് രാവിലെയോടെയാണ് സാക്കിർ ഹുസൈൻ അന്തരിച്ചതായി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്. അരനൂറ്റാണ്ടോളം ഇന്ത്യൻ സംഗീതലോകത്തെ പ്രകമ്പനം കൊള്ളിച്ച കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ.
സാക്കിർ ഹുസൈൻ തബലയെ ആഗോള പ്രശസ്തിയിലേക്ക് എത്തിച്ച ഉന്നത വ്യക്തിത്വമായിരുന്നുവെന്ന് സംഗീത സംവിധായകൻ എആർ റഹ്മാൻ സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.
"ഇന്നാ ലില്ലാഹി വ ഇന്ന ഇലയ്ഹി റാജിഊൻ. സാക്കിർ ഭായ് ഒരു പ്രചോദനമായിരുന്നു. തബലയെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ ഉന്നത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിൻ്റെ നഷ്ടം നികത്താനാവാത്തതാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ എണ്ണമറ്റ വിദ്യാർത്ഥികൾക്കും ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ," എആർ റഹ്മാൻ പങ്കുവെച്ച എക്സ് പോസ്റ്റിൽ പറയുന്നു.
സാക്കിർ ഹുസൈൻ അദ്ദേഹത്തിന്റെ കലയിലൂടെ നൽകിയ നല്ല സമയത്തിന് നന്ദിയുണ്ടെന്നാണ് കമൽ ഹസൻ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ഫോട്ടോയും കമൽ ഹാസൻ പങ്കിട്ടിട്ടുണ്ട്.
സാക്കിർ ഹുസൈൻ സമാനതകളില്ലാത്ത കലാകാരനാണെന്നും, അദ്ദേഹത്തിന്റെ വിടവാങ്ങൽ അളക്കാനാവാത്ത നഷ്ടമാണെന്നും അമിതാഭ് ബച്ചൻ പോസ്റ്റിൽ പങ്കുവെച്ചു.
മരണവാർത്ത വേദനാജനകമാണെന്നായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പ്രതികരണം. രാജ്യത്തിനും സംഗീത ലോകത്തിനും അദ്ദേഹം ഒരു നിധി ആയിരുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു.
സാക്കിർ ഹുസൈന്റെ വിയോഗം ദുഖവും ഞെട്ടലും ഉണ്ടാക്കുന്നതാണെന്ന് ഗ്രാമി ജേതാവ് റിക്കി കെജ് പറഞ്ഞു. ഇന്ത്യ സൃഷ്ടിച്ച മികച്ച കലാകാരന്മാരിൽ ഒരാളാണ് സാക്കിർ ഹുസൈനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തബല മാന്ത്രികന്റെ വിയോഗം സംഗീത ലോകത്ത് ഒരിക്കലും നികത്തനാവാത്ത വിടവ് സൃഷ്ടിച്ചുവെന്ന് മോഹൻലാൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കരീന കപൂർ, നിത്യ മേനൻ, ജാവേദ് അക്തർ, കങ്കണ റണാവത്ത് തുടങ്ങിയവരും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
#incomparable #artist #this #departure #immeasurable #loss #Eminent #people #pay #tribute #Tabla #Vidwan #ZakirHussain