( moviemax.in ) അല്ലു അര്‍ജുന്‍ സിനിമ പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് മുന്നോടിയായാണ് സംഭവം.
തിയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു.
ഇതോടെ പോലീസിന് ലാത്തിവീശേണ്ടിവന്നു. മരിച്ച സ്ത്രീയുടെ കുട്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തിരക്കില്‍പ്പെട്ട് ബോധം കെട്ടുവീണ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് പ്രീമിയര്‍ ഷോ കാണാനെത്തിയിരുന്നത്.
മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അല്ലുവിനെതിരേ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.
https://x.com/InformedAlerts/status/1864487304309383299
ഭാര്യയുടെ വേര്‍പ്പാടിനു പിന്നാലെ ഭര്‍ത്താവ് ഭാസ്‌കറിന്റെ പ്രതികരണമെത്തിയിരിക്കുകയാണ്. കരള്‍ തന്നാണ് അവള്‍ പോയതെന്ന് ഭാസ്‌കര്‍ അനുസ്മരിച്ചു.
2023-ല്‍ ഭാസ്‌കറിന് ട്രാന്‍സ്പ്ലാന്റേഷന്‍ ആവശ്യമായി വന്നപ്പോള്‍ കരളിന്റെ ഭാഗം നല്‍കി ജീവന്‍ രക്ഷിച്ചത് അവളായിരുന്നു. 'അവളെനിക്ക് ജീവിതം തന്നു, എന്നിട്ടിപ്പോള്‍ അവള്‍ പോയി'-ഭാസ്‌കര്‍ പറഞ്ഞു.
പോലീസ് ലാത്തിച്ചാര്‍ജില്‍ പരക്കംപാഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരിക്കാം രേവതിക്ക് മാരകമായ പരിക്കേറ്റതെന്ന് ഭാസ്‌കര്‍ കരുതുന്നു.
മകന്‍ ശ്രീതേജിന് ശ്വാസതടസ്സവും ശ്വാസകോശത്തിന് ക്ഷതവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവസാനം കണ്ട നിമിഷത്തിലും കുട്ടികളെ സന്തോഷിപ്പിക്കുകയായിരുന്നു അവളെന്നും ഭാസ്‌കര്‍ ഓര്‍ത്തു.
മക്കള്‍ രണ്ടുപേരും ചേര്‍ന്ന് പുഷ്പ 2 കാണാന്‍ വാശിപിടിച്ചതാണ് തുടക്കം. തങ്ങളെ കൊണ്ടുപോകണമെന്ന് ഇരുവര്‍ക്കും ഒരേ നിര്‍ബന്ധം. അര്‍ജുന്‍ നേരത്തേതന്നെ പ്രീമിയര്‍ ഷോയ്ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. ഇതിനിടെ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തിയതോടെ തിരക്ക് കൂടി.
തിക്കിലും തിരക്കിലും പെട്ട് രേവതിയും മകന്‍ ശ്രീതേജും ഒരു ഭാഗത്തും ഭാസ്‌കറും മകള്‍ സന്‍വിയും മറ്റൊരു ഭാഗത്തുമായി. അല്ലുവിനെക്കാണാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിനിടെ ശ്രീതേജ് കരഞ്ഞു.
സാന്‍വിയെ പെട്ടെന്നുതന്നെ തിയേറ്ററിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. തിരിച്ചുവന്നപ്പോള്‍ ഭാര്യയെയും മകനെയും അവിടെക്കാണാനില്ല. രേവതിയെ വിളിച്ചപ്പോള്‍ അവള്‍ തിയേറ്ററിലാണെന്നു പറഞ്ഞു. അതാണ് അവളുടേതായി കേട്ട അവസാന ശബ്ദമെന്ന് ഭാസ്‌കര്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരവരെ രേവതിയെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. പിന്നീട് പോലീസുകാരാണ് വിവരമറിയിച്ചത്. അതോടെ തന്റെ ലോകം തകര്‍ന്നു. മുന്നില്‍ക്കഴിഞ്ഞ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് സാന്‍വിക്കുവേണ്ടി മനക്കരുത്തോടെ മുന്നോട്ടുപോവാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. അമ്മയെ നഷ്ടപ്പെട്ടെന്ന് ഇപ്പോഴും സാന്‍വിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
#husband #woman #who #died #during #release #pushpa2 #film