കോവിഡ് ലോക്ഡൗൺ സമയത്ത് മലയാളികൾ ഏറ്റെടുത്ത ഹിപ്ഹോപ് റാപ്പായിരുന്നു നീരജ് മാധവിന്റെ 'പണിപാളി'. വൈറസിന്റെ പിടിയിലകപ്പെടുമോ എന്ന ഭയത്തിനിടയിൽ മാനസിക സമ്മർദ്ദമകറ്റാനുള്ള ഒരു തമാശയായാണ് അന്ന് പാട്ട് പുറത്തിറക്കിയതെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങൾ റാപ്പ് ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ പാട്ട് സാമൂഹികമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുകയാണ്. തേങ്ങാ ചിരകി റാപ്പ് പാടുന്ന ഒരു കൊച്ചുമിടുക്കിയാണ് സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്.
'കുഞ്ചിയമ്മ വിത്ത് ആമീസ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി പതിനൊന്നരക്ക് അടുക്കളയിൽ അമ്മയെ തേങ്ങാ ചിരകി സഹായിക്കുകയാണ് കൊച്ചുമിടുക്കി.
അടുക്കള ഒന്ന് സജീവമാക്കാൻ ഒപ്പം വൈറൽ പാട്ടും. അറിയാവുന്ന പോലെ വരികൾ ഒപ്പിച്ചാണ് പാട്ട്. ഇടയിൽ 'യക്ഷിയാടാ യക്ഷി'യെന്നും പറയുന്നുണ്ട്. 'തേങ്ങ ചിരകി പ്രാന്ത് ആയ ഏതോ യെക്ഷി കൂടിയതാ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൊച്ചുകുറുമ്പിയുടെ വീഡിയോയ്ക്ക് ആരാധകരും നിരവധിയാണ്. 'കളിച്ചു കൊണ്ടിരുന്ന കൊച്ചിനെ വിളിച്ച് തേങ്ങ ചിരണ്ടിച്ചാൽ ഇങ്ങനിരിക്കും'.. 'നന്നായി പണി എടുക്കുന്ന യെക്ഷിയാണല്ലോ'.. 'ഇത് ഏതോ തെങ്ങിൽ തളച്ച യക്ഷി ആണെന്നാ തോന്നുന്നേ.. തേങ്ങ കൊണ്ടാ കളി'.. 'ബാലവേല നിരോധിക്കുക.. നിരോധിക്കും വരെ ഞങ്ങൾ അസ്വസ്ഥർ ആണ്... സമരം തുടരും' മുതലായ രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
#Does #it #look #like #fairy #wrapped #in #coconut #NeerajMadhav #Rap #Sing #Coconut #Video