പിണറായി വിജയൻ രണ്ടാമത് ചരിത്ര വിജയം സ്വന്തമാക്കി അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് മന്ത്രിസഭയിലെ കെ കെ ശൈലജയുടെ അസാന്നിദ്ധ്യമാണ്. കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേയ്‍ക്ക് പരിഗണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കെ ശൈലജ പ്രതികരിക്കുന്നത്. എന്നാല്‍ കെ കെ ശൈലജയെ മന്ത്രിയാക്കണമമെന്ന് ആവശ്യപ്പെട്ട ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂവെന്ന ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ് താരങ്ങള്‍.
മന്ത്രി സ്ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തിലാണ് റിമയുടെ പോസ്റ്റിന്‍റെ തുടക്കം. "പെണ്ണിനെന്താ കുഴപ്പം? അഞ്ച് വര്‍ഷം നീണ്ട ലോക നിലവാരത്തിലുള്ള സേവനത്തിനും ഒരു റെക്കോര്‍ഡ് വിജയത്തിനും സിപിഎമ്മില്‍ താങ്കള്‍ക്ക് ഇടം നേടിത്തരാന്‍ ആവുന്നില്ലെങ്കില്‍ മറ്റെന്തിനാണ് അതിനു കഴിയുക? ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍, പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്നതിനും നിങ്ങളുടെ കഠിനാധ്വാനത്തിനും", റിമ ഫേസ്ബുക്കില്‍ കുറിച്ചു. #bringourteacherback, #BringBackShailajaTeacher എന്നീ ഹാഷ്‍ ടാഗുകളും റിമ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഗൗരിയമ്മയ്‌ക്കൊപ്പമുള്ള കെ കെ ശൈലജയുടെ ചിത്രം പങ്കുവെച്ചാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പ്രതിഷേധം അറിയിച്ചത്. മുമ്പ് ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. അക്കാര്യം സൂചിപ്പിച്ചാണ് ഇപ്പോള്‍ ശൈലജയെ ഒഴിവാക്കിയതിനെതിരെ ഗീതു മോഹൻദാസ് പ്രതികരിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ തുടരാൻ അർഹതയുണ്ട്, സംസ്ഥാനത്തെ ജനങ്ങൾ അവളുടെ കഴിവുള്ള നേതൃത്വത്തിന് അർഹരാണ് എന്നാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്.

സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് പ്രതികരിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കൂട്ടിച്ചേർത്തു. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍. തെറ്റായി പോയ തീരുമാനം...കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ പറയുന്നു.
ആളുകൾക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും വിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയവരെപ്പോലുള്ള ഒരു ഉന്നതനായ മന്ത്രി ജനങ്ങൾക്ക് നല്ലത് ചെയ്യാൻ മന്ത്രിസഭയിൽ ഉണ്ടാകില്ല എന്നത് ആശങ്കാജനകമാണ് എന്നാണ് സംവിധായിക അഞ്‍ജലി മേനോൻ എഴുതിയിരിക്കുന്നത്.
എങ്കിൽ.....കെ.കെ. ഷൈലജ ടീച്ചറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ ‘പാലം കടക്കുവോളം നാരായണ’. ടീച്ചർ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ "ആണധികാര"ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നുവെന്ന് നടനായ രാജേഷ് ശർമ പറഞ്ഞു.
Content Highlight: #bringourteacherback, #BringBackShailajaTeacher -Campaign launching stars

































