ടോളിവുഡിൽ വിവാദങ്ങൾക്ക് തിരി കൊളുത്തി തെലുങ്കാനയിലെ മന്ത്രി കൊണ്ട സുരേഖ. നടൻ നാഗാർജുനയ്ക്ക് നേരെയാണ് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നാഗാഗാർജനയുടെ മകൻ നാഗ ചൈതന്യയും നടി സമാന്തയും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം നാഗാർജുനയുമായി ബന്ധമുള്ള ബിആർഎസ് പാർട്ടി നേതാവ് കെടി രാമ റാവുവാണെന്ന് കൊണ്ട സുരേഖ ആരോപിച്ചു. കെടി രാമ റാവു നിരവധി നടിമാരുടെ ജീവിതം തകർത്തിട്ടുണ്ടെന്നും പല നടിമാരും നേരെത്തെ വിവാഹം ചെയ്ത് സിനിമാ രംഗം വിടാൻ കാരണം ഇയാളാണെന്നും സുരേഖ ആരോപിച്ചു.
നടിമാരെ ലഹരിക്കടിമയാക്കും, ഫോൺ ടാപ്പ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തുന്ന സ്വഭാവം കെടി രാമ റാവുവിനുണ്ടെന്നും ഇവർ പറയുന്നു. മന്ത്രിയുടെ ആരോപണത്തിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. കെടി രാമറാവു ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം ഇദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം പരാമർശത്തിൽ അപലപിച്ചു.
കൊണ്ട സുരേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാഗാർജുന രംഗത്തെത്തി. മന്ത്രി കൊണ്ട സുരേഖയുടെ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം നിങ്ങളുടെ എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുത്.
ദയവായി മറ്റുള്ളവരുടെ സ്വകാര്യ മാനിക്കുക എന്നാണ് നാഗാർജുന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. തന്റെ കുടുംബത്തിനെതിരെയുള്ള ആരോപണം തെറ്റാണെന്നും പരാമർശം പിൻവലിക്കണമെന്നും നാഗാർജുന ആവശ്യപ്പെട്ടു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് കൊണ്ട സുരേഖ ഉന്നയിക്കുന്നതെന്ന് പരക്കെ അഭിപ്രായമുണ്ട്. നടൻ പ്രകാശ് രാജ് ഉൾപ്പെടെ വിഷയത്തിൽ മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
2021 ലാണ് സമാന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത്. നാല് വർഷത്തെ വിവാഹ ജീവിതം അവസാനിച്ചതിന് പിന്നിലെ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ സമാന്തയോ നാഗ ചൈതന്യയോ പിരിഞ്ഞതിന് കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. നടി ശോഭിത ധുലപാലയ്ക്കൊപ്പം രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് നാഗ ചൈതന്യ. അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. സമാന്തയുമായി പിരിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ നടൻ ശോഭിതയുമായി അടുത്തിട്ടുണ്ട്.
അടുത്ത വർഷം ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് വിവരം. പരസ്പരം ആലോചിച്ച ശേഷം രമ്യമായി രണ്ട് വഴിക്ക് പിരിയുകയായിരുന്നു എന്നാണ് സമാന്തയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് നാഗ ചൈതന്യ പറഞ്ഞത്. ശോഭിതയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം സമാന്തയുമായുള്ള വേർപിരിയൽ അടുത്തിടെ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിവാഹ മോചനത്തിന് ശേഷം സമാന്ത കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി.
ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച് ഏറെ നാൾ ചികിത്സയിലായിരുന്നു നടി. തുചരെ വന്ന പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് നീങ്ങുകയാണ് സമാന്ത. ഇതിനിടെയാണ് നടിയെയും മുൻ ഭർത്താവ് നാഗ ചൈതന്യയെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് സമാന്ത. ഖുശിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിതാഡെൽ എന്ന സീരീസാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
#reason #why #Samantha #NagaChaitanya #broke #up #Minister #against #family #Nagarjuna #responded