(moviemax.in) തമിഴിലെ യുവനടൻ ശ്രീ എന്ന ശ്രീറാം നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരിൽ സംശയമുണർത്തിയിരുന്നു.
കണ്ടാൽ തിരിച്ചറിയാനാവാത്ത വിധമായിരുന്നു ശ്രീ ഉണ്ടായിരുന്നത്. നടന്റെ മാനസികനിലയുമായി ബന്ധപ്പെട്ടും ആശങ്കകളുയർന്നു. കുടുംബവുമായും അകന്നുകഴിയുകയായിരുന്നു ശ്രീ. താരം എവിടെയാണെന്നും ആർക്കും അറിയില്ലായിരുന്നു. തുടർന്നാണിപ്പോൾ അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തി വൈദ്യസഹായം ലഭ്യമാക്കിയിരിക്കുന്നത്.
സംവിധായകൻ ലോകേഷ് കനകരാജാണ് ഇപ്പോൾ ഒരു കുറിപ്പിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. "നടൻ ശ്രീറാം വിദഗ്ധ വൈദ്യ പരിചരണത്തിലാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം നിലവിൽ സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമ പ്രവർത്തകരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." പ്രസ്താവനയിൽ പറയുന്നു.
"അദ്ദേഹം രോഗമുക്തിയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്.
അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു," പ്രസ്താവനയിൽ പറഞ്ഞു. ശ്രീ നേരത്തേ പോസ്റ്റ് ചെയ്ത വീഡിയോകളെല്ലാം ഇൻസ്റ്റാഗ്രാമിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
പൊതുവേ സോഷ്യൽ മീഡിയയിൽനിന്ന് അകന്നുനിൽക്കുന്നയാളാണ് ശ്രീ എന്നതാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. കൂടാതെ സിനിമകളിൽ കണ്ടുപരിചയിച്ച ശ്രീയുടെ രൂപമല്ല താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലുമുള്ളത്.
മെലിഞ്ഞ് മുഖമാകെ മാറിയ അവസ്ഥയാണ് ചിത്രങ്ങളിലുണ്ടായിരുന്നത്. നീട്ടി വളർത്തിയ മുടി കളർ ചെയ്തിട്ടുമുണ്ടായിരുന്നു. ശ്രീയുടെ മാനസികനില തകരാറിലായോ എന്നും ജീവിതത്തിലെ ഏതെങ്കിലും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് എന്നെല്ലാമാണ് പലരും ആശങ്ക പ്രകടിപ്പിച്ചത്.
#actor #SriramNatarajan #admitted #hospital.






























_(4).jpeg)



