---
title: "ഒരു പെണ്ണുകാണാല്‍ അപാരത; ഒടുവില്‍ കുടുങ്ങി ചെക്കന്‍ വീട്ടുകാര്‍ "
english_title: "If a woman sees infinity; Eventually the trapped chicken family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23518/if-a-woman-sees-infinity-eventually-the-trapped-chicken-family"
published_at: "2022-01-30T21:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6b875cb565_Untitled-1.jpg"
keywords: []
---

# ഒരു പെണ്ണുകാണാല്‍ അപാരത; ഒടുവില്‍ കുടുങ്ങി ചെക്കന്‍ വീട്ടുകാര്‍ 

> **Lead Summary:** **പെ**ണ്ണുകാണാന്‍ വന്നവരുടെ മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂ... പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം. ഇന്റര്‍വ്യൂന്‍റെ അവസാനം യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

## Article Content

**പെ**ണ്ണുകാണാന്‍ വന്നവരുടെ മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂ... പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം. ഇന്റര്‍വ്യൂന്‍റെ അവസാനം യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘമാണ് വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് പെണ്ണുകാണാനായി യുവതിയുടെ വീട്ടിലെത്തിയത്. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണുകണാനായി വാണിമേലില്‍ എത്തിയത്.

യുവാവിന് ഖത്തറില്‍ ജോലിയായതിനാല്‍ രണ്ടുദിവസം മുമ്പ് ഇയാള്‍ സഹോദരനും സഹോദരിയ്ക്കുമൊപ്പം വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ വീട്ടിലെത്തിയത്.

ബിരുദവിദ്യാര്‍ഥിയായ യുവതിയുമായി റൂമിനുള്ളില്‍ കതകടച്ച്‌ ഒരു മണിക്കൂറിലധികമാണ് ഇരുപത്തഞ്ചോളം പേരടങ്ങുന്ന സ്ത്രീകള്‍ സംസാരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച ശേഷം കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കള്‍ ഒന്നുകൂടി ബന്ധത്തെ കുറിച്ച്‌ ആലോചിക്കണമെന്ന് പറഞ്ഞതോടെയാണ് രംഗം വഷളായത്.

ഈ സാഹചര്യത്തില്‍ മകളുടെ അവസ്ഥയും കൂടി കണ്ടതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരേ രംഗത്തെത്തുകയും ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ് വീടിന്റെ ഗേറ്റ് അടയ്ക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെടുകയും ഇവരുടെ അഭിപ്രായം പരിഗണിച്ച്‌ സ്തീകളെ വിട്ടയക്കുകയുമായിരുന്നു.

എന്നാല്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരെ രണ്ടു മണിക്കൂറോളം ഗൃഹനാഥന്‍ വീട്ടില്‍ ബന്ദിയാക്കുകയും ചെറുക്കന്റെ ബന്ധുക്കള്‍ എത്തിയ കാറുകളില്‍ ഒന്ന് വിട്ടുകൊടുക്കാതെയും ഇരുന്നു. പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നു.

യുവതിയുടെ വീട്ടുകാരോട് പരസ്യമായി മാപ്പു പറയാമെന്നും നഷ്ട പരിഹാരം നൽകാമെന്നും യുവാവിന്റെ വീട്ടുകാർ സമ്മതിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/23518/if-a-woman-sees-infinity-eventually-the-trapped-chicken-family)