#thangalaanreview | ദളിത് ചരിത്രത്തിന്റെ വീണ്ടെടുക്കല്‍! തലയുര്‍ത്തി വിക്രം എന്ന പെര്‍ഫോമര്‍; തങ്കലാന്‍ റിവ്യു

#thangalaanreview | ദളിത് ചരിത്രത്തിന്റെ വീണ്ടെടുക്കല്‍! തലയുര്‍ത്തി വിക്രം എന്ന പെര്‍ഫോമര്‍; തങ്കലാന്‍ റിവ്യു
Aug 15, 2024 09:43 PM | By Jain Rosviya

(moviemax.in)സിനിമയുടെ ആസ്വാദനം പലതരത്തിലായിരിക്കും സംഭവിക്കുക. ചിലത് ചിരിപ്പിക്കും, ചിലത് കരയിപ്പിക്കും. ചിലത് ആവേശം കൊള്ളിക്കും.

പക്ഷെ വളരെ അപൂര്‍വ്വമായിട്ടായിരിക്കും തീയേറ്റര്‍ വിട്ട ശേഷവും ഏറെ നേരം എന്താണ് കണ്ടതെന്ന് വീണ്ടെടുക്കാന്‍ സാധിക്കാതെ, ആ ലോകത്തു തന്നെ നമ്മളെ പിടിച്ചു നിര്‍ത്തുന്നവ സംഭവിക്കുക. അത്തരം നിമിഷങ്ങളാണ് നമ്മളെ വീണ്ടും വീണ്ടും ആ ഇരുട്ടുമുറിയിലേക്ക് എത്തിക്കുന്നത്.

പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത, സിനിമയുടെ ആ മാജിക് അനുഭവിപ്പിക്കുന്ന സിനിമയാണ് തങ്കലാന്‍. 

ഓഗസ്റ്റ് പതിനഞ്ചിന് തങ്കലാന്റെ റിലീസ് പ്രഖ്യാപിക്കുമ്പോള്‍ സംവിധായകന്‍ പാ രഞ്ജിത്ത് താന്‍ ഈ തിയ്യതി തന്നെ തിരഞ്ഞെടുക്കാന്‍ കാരണം നാഷണല്‍ ഹോളിഡെ എന്നതിലും ഉപരിയായി ചില രാഷ്ട്രീയ കാരണങ്ങള്‍ കൂടിയുണ്ടെന്ന് പറഞ്ഞിരുന്നു.

സിനിമ കണ്ടിറങ്ങുമ്പോള്‍ പാ രഞ്ജിത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുകയാണ് തങ്കലാന്‍. ഈ സിനിമയുടെ റിലീസിന് ഇതിലും മികച്ചൊരു ദിവസമില്ല.

ഇത്തരമൊരു സിനിമയിറങ്ങാന്‍ ഇതിലും അനുയോജ്യമായൊരു രാഷ്ട്രീയ കാലവാസ്ഥയുമില്ല.പാ രഞ്ജിത്ത് സിനിമകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച കൂടിയാണ്.

സമൂഹം ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയവരുടേയും, ചരിത്രം മറന്നു പോയവരുടേയും പ്രതിനിധാനം ആണ് അദ്ദേഹത്തിന്റെ സിനിമകള്‍.

തന്റെ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന മെറ്റഫറുകളാല്‍ സമ്പന്നമായിരിക്കും പാ രഞ്ജിത്ത് സിനിമകള്‍. എന്നാല്‍ ഇതിനിടെ പലപ്പോഴും അദ്ദേഹത്തിന് സിനിമ എന്ന മാധ്യമത്തോട് ഒത്തുതീര്‍പ്പുകള്‍ നടത്തേണ്ടി വരാറുണ്ട്.

അതിനാല്‍, വ്യക്തിപരമായ പലപ്പോഴും പാ രഞ്ജിത്ത് എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനിമകളും പൂര്‍ണതയിലേക്ക് എത്താത്തതായി അനുഭവപ്പെടാറുണ്ട്, Like a promise yet to be met.

എന്നാല്‍ മുന്‍ധാരണകളെ കാറ്റില്‍പ്പറത്തുന്ന, നാളിതുവരെ കണ്ടതില്‍ ഏറ്റവും പൂര്‍ണമായ പാ രഞ്ജിത്ത് സിനിമയായി മാറിയിരിക്കുകയാണ് തങ്കലാന്‍.

ശക്തമായ രാഷ്ട്രീയം സംസാരിക്കുമ്പോള്‍ തന്നെ ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്ന സിനിമ കൂടെയാണ് തങ്കലാന്‍. തീയേറ്റര്‍ വീട്ടിറങ്ങി അല്‍പ്പം അധികനേരം തലയ്ക്ക് അകത്തെ പെരുപ്പ് നിലനില്‍ക്കും. 

മൂന്ന് കാലങ്ങളിലൂടെ കഥ പറയുന്ന തങ്കലാന്‍ മിത്തിന്റേയും ഫിക്ഷന്റേയും ചരിത്രത്തിന്റേയും സമ്മിശ്രമാണ്. സിനിമയുടെ പ്രധാന കഥ നടക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ്.

ജന്മിയുടെ പാടത്ത് പണിയെടുക്കുന്ന ദളിതരുടെ ഗ്രാമം. സായിപ്പ് വാഗ്ദാനം ചെയ്യുന്ന കൂലിയും മെച്ചപ്പെട്ട ജീവിതസാഹചര്യവും സ്വന്തം മണ്ണ് എന്ന സ്വപ്‌നവുമെല്ലാം തങ്കലാനേയും കൂട്ടരേയും സ്വര്‍ണം തേടിയുള്ള യാത്രയിലേക്ക് എത്തിക്കുകയാണ്.

തങ്കലാന്റേയും അയാളുടെ ജനതയുടേയും ഈ യാത്രയാണ് സിനിമ പറയുന്നത്. തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരേയും പോകാന്‍ തയ്യാറാകുന്ന നടനാണ് വിക്രം.

എന്നാല്‍ കഴിഞ്ഞ കുറേകാലമായി വിക്രമിന്റെ അപര്‍ണബോധവും കഴിവും അര്‍ഹിക്കുന്ന തിരക്കഥയോ സംവിധായകരെയോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നതാണ് വസ്തുത.

വിക്രം വിജയിക്കുമ്പോഴെല്ലാം സിനിമ പരാജയപ്പെടുന്നതായിരുന്നു പലപ്പോഴും അവസഥ. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം, വിക്രം എന്ന നടന്‍ അര്‍ഹമായ കരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

മികച്ചൊരു ശില്‍പിയുടെ കരവിരുതോടെ അയാളെ ഉടച്ചുവാര്‍ക്കാന്‍ പാ രഞ്ജിത്തിന് സാധിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലെല്ലാം വിക്രം എന്ന നടന്റെ മികവ് പ്രകടനമാണ്.

തങ്കലാന്‍ താണ്ടുന്ന ജീവിതയാത്രയും വൈകാരിക യാത്രയും അതിന്റെ ആഴം ഒട്ടും ചോരാതെ വിക്രം അവതരിപ്പിക്കുന്നുണ്ട്. പാര്‍വ്വതിയുടേയും കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഗംഗമ്മ.

വിക്രം-പാര്‍വ്വതി രംഗങ്ങള്‍ രണ്ട് ഗംഭീര അഭിനേതാക്കളുടെ കൊടുക്കല്‍ വാങ്ങലിന്റെ മനോഹര കാഴ്ചയാണ്. അതേസമയം നാളിതുവരെ കാണാത്ത രീതിയില്‍ മാളവിക മോഹനനേയും ചിത്രം അവതരിപ്പിക്കുന്നുണ്ട്.

പാ രഞ്ജിത്ത് സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ എന്നും വേറിട്ടു നില്‍ക്കുന്നതാണ്. തങ്കലാനിലും അതുകാണാം. ഭര്‍ത്താവിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക മാത്രം ചെയ്യുന്ന ഭാര്യയല്ല ഗംഗമ്മ.

രക്ഷകനായി അവതരിക്കുന്ന രാജകുമാരന് വേണ്ടി കാത്തിരിക്കുന്ന നാടോടിക്കഥയിലെ രാജകുമാരിയല്ല മാളവികയുടെ ആരതി.

ആക്ഷന്‍ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും എന്നതു പോലെ തന്നെ ഡ്രമാറ്റിംഗ് നിമിഷങ്ങളിലും പാ രഞ്ജിത്തിന്റെ കയ്യൊപ്പ് കാണാം. തങ്കലാന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവ് രംഗം അത്തരത്തിലൊന്നാണ്.

ഈ സമയത്തെ ആഘോഷ നൃത്ത രംഗം അതിമനോഹരമാണ്. നൃത്തത്തിലെ ചടുതലയ്ക്കപ്പുറം അവരുടെ ചുവടുകളിലെ 'ഒരുമയില്ലായ്മ' പോലും മനോഹരമാണ്.

ഓരോരുത്തരും അവരുടേതായി രീതിയില്‍ ചുവടുവെക്കുന്നു, ആഘോഷിക്കുന്നു. ദളിത് രാഷ്ട്രീയത്തിന്റെ വീണ്ടെടുക്കലാണ് തങ്കലാന്‍. ചരിത്രം ബോധപൂര്‍വ്വം തന്നെ മറന്ന ചരിത്രം.

ബുദ്ധിസത്തിനുണ്ടായിരുന്ന വേരും, ബ്രാഹ്‌മണിസത്തിന്റെ കടന്നു വരവുമെല്ലാം സിനിമ അവതരിപ്പിക്കുന്നുണ്ട്. രാജാക്കന്മാരാലും ജന്മിമാരാലും പിന്നീട് ബ്രിട്ടീഷുകാരാലും അടിമകളാക്കപ്പെടുന്ന ദളിതരുടെ ചരിത്രം തങ്കലാനില്‍ കാണാം. 

മിത്തും ഫിക്ഷനും റിയാലിറ്റിയുമൊക്കെ കൂടി കലര്‍ത്തുന്നിടത്ത് സാധാരണ സിനിമയില്‍ നിന്നും ഒരുപാട് മുകളിലേക്ക് ഉയരുന്നു തങ്കലാന്‍.

പാ രഞ്ജിത്ത് സിനിമകളില്‍ ഇത്രത്തോളം സാങ്കേതിക മികവ് പുലര്‍ത്തിയ മറ്റൊരു സിനിമയുമുണ്ടാകില്ല. രാത്രിയും പകലും ഭൂതവും വര്‍ത്തമാനവുമെല്ലാം ഒന്നാകുന്ന രംഗം ടെക്‌നിക്കില്‍ ബ്രില്യന്‍സിന്റേയും സ്‌റ്റോറി ടെല്ലിംഗ് ബ്രില്യന്‍സിന്റേയും ഉന്നതിയാണ്.

തങ്കലാന്റെ പ്രൊഡക്ഷന്‍ ക്വാളിറ്റിയും മേക്കപ്പും എടുത്തു പറയേണ്ടാണ്. സിനിമ കഥ പറയുന്ന കാലഘട്ടം സൃഷ്ടിക്കുന്നതിലും മേക്കപ്പ് ഒരുക്കുന്നതിലും അവര്‍ നടത്തിയിരിക്കുന്ന ഗവേഷണം വ്യക്തമാണ്.

കാലഘട്ടത്തിനും ജോണറിനും അനുസരിച്ച് സംഗീതം ഒരുക്കിയ ജി.വി പ്രകാശ് സിനിമയുടെ മറ്റൊരു പില്ലര്‍. സിനിമയുടെ ആത്മാവ് നിലനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ സംഗീതമാണ്.

സിനിമയുടെ ജോണര്‍ ഷിഫ്റ്റുകള്‍ക്ക് അനുസരിച്ച് സംഗീതത്തിലൂടെ ആ രംഗങ്ങളെ എലിവേറ്റ് ചെയ്യാന്‍ ജി.വി പ്രകാശിന് സാധിക്കുന്നുണ്ട്. അതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന വാദ്യോപകരണങ്ങളുടെ തിരഞ്ഞെടുപ്പു പോലും ശ്രദ്ധേയമാണ്.

സിനിമയുടെ നെഗറ്റീവ് എന്ന് പറയാവുന്ന ഘടകങ്ങള്‍ പ്രവചീയമായ തിരക്കഥയും രണ്ടാം പകുതിയുടെ തുടക്കത്തിലെ മെല്ലപ്പോക്കുമാണ്.

സപ്പോർട്ടിംഗ് ക്യാരക്ടറുകളുടെ രചനിയുള്ള ആഴമില്ലായ്മയും പോരായ്മയായി കാണാം. പക്ഷെ സിനിമയുടെ ആസ്വാദനത്തെയോ രാഷ്ട്രീയത്തെയോ അത് ബാധിക്കുന്നില്ല. സിസ്റ്റത്തെ പോക്ക് ചെയ്യുക എന്നത് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പാ രഞ്ജിത്തിന്റെ രീതിയാണ്.

അതുപോലെ തന്നെ നമ്മള്‍ കണ്ട് ശീലിച്ച സിനിമാറ്റിക് രീതികളെ ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാറുണ്ട് അദ്ദേഹം. കാലയില്‍ നായകന്‍ പോലുള്ള സിനിമകള്‍ക്ക് മറുപടി നല്‍കിയിരുന്നു പാ രഞ്ജിത്ത്.

സമാനമായ രീതിയില്‍, കോലാര്‍ സ്വര്‍ണ ഖനിയുടെ കഥ പറയുന്ന തങ്കലാന്‍ കെജിഎഫിന്റെ കൂടി റീടെല്ലിംഗ് ആയി മാറുകയാണ്.

തങ്കലാനിലൂടെ ഫിലിം മേക്കര്‍ എന്നതില്‍ നിന്നും, ഒരു വിഷണറിയിലേക്കു വളര്‍ന്നിരിക്കുകയാണ് തങ്കലാനിലൂടെ പാ രഞ്ജിത്ത്. 

#thangalaan #review #paranjith #vikram #rewrites #dalit #history #with #this #once #lifetime

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-