മധ്യപ്രദേശില്‍ ക്ലാസെടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മേല്‍ സീലീംഗ് ഫാന്‍ പൊട്ടി വീണ് പരിക്ക്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ പുഷ്പ സീനിയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് റൂമിലാണ് അപ്രതീക്ഷിത അപകടം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബി ഹരാമി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. വീഡിയോയില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നതും നിരവധി കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്നതും കാണാം. പെട്ടെന്ന് മുകളില്‍ നിന്നും ഫാന്‍ പൊട്ടി ഒരു കുട്ടിയുടെ കൈയിലേക്കും മുഖത്തേക്കും വീഴുന്നത് കാണാം. പിന്നാലെ കുട്ടി മുഖം പൊത്തി കരയുന്നതും വീഡിയോയില്‍ കാണാം.
അപ്രതീക്ഷിതമായി ഫാന്‍ പൊട്ടിവീണതിന് പിന്നാലെ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്ന ടീച്ചറെയും സിസിടിവി ദൃശ്യത്തില്‍ കാണാം. മൂന്നാം ക്ലാസിലെ കുട്ടികളാണ് സംഭവ സമയത്ത് ക്ലാസില്‍ ഉണ്ടായിരുന്നത്.
ഫാന്‍ താഴെ വീഴുമ്പോള്‍ കുട്ടിയുടെ കൈതണ്ടയില്‍ ലീഫ് തട്ടി ചെറിയ പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ ഉടനെ തന്നെ പുഷ്പ കല്യാൺ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകട വിവരം അറിഞ്ഞതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അജബ് സിംഗ് രാജ്പുത് സ്‌കൂൾ സന്ദർശിച്ച്, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ സീലിംഗ് ഫാനുകളും വിശദമായി പരിശോധിക്കാൻ സ്‌കൂൾ മാനേജ്‌മെന്‍റിന് അധികൃതർ നിർദ്ദേശം നൽകിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ സ്കൂളുകളിലെ സുരക്ഷയെ കുറിച്ച് നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചു.
#video #ceiling #fan #breaking #while #taking #class #falling #childs #body #goes #viral