റീലുകൾക്കും അതിന് കിട്ടുന്ന ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടിയും ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുകയാണ് ഇന്ന് ആളുകൾ. സ്ഥലകാലമോ, പരിസരമോ ഒന്നും നോക്കാതെ വീഡിയോ ഷൂട്ട് ചെയ്യുക എന്നതൊക്കെ അതിന്റെ ഭാഗങ്ങളാണ്. അങ്ങനെ ചെയ്തതിന്റെ പേരിൽ വിവാദമായ ഒരുപാട് വീഡിയോകളും ഉണ്ട്. ഇപ്പോഴിതാ കളക്ട്രേറ്റിന്റെ മുന്നിൽ വച്ച് ചിത്രീകരിച്ച ഒരു വീഡിയോയാണ് വിവാദമാകുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് കളക്ട്രേറ്റിന്റെ മുന്നിൽവച്ച് ഡാൻസ് കളിക്കുന്ന ഒരു യുവതിയെയാണ്.
അക്ഷയ് കുമാറും രവീണ ടണ്ടനും അഭിനയിച്ച മൊഹ്‌റയിലെയും പ്രശസ്തമായ ടിപ്പ് ടിപ്പ് ബർസ പാനി എന്ന ഗാനത്തിനൊപ്പമാണ് യുവതി ചുവട് വയ്ക്കുന്നത്. കറുത്ത സാരിയാണ് സ്ത്രീ അണിഞ്ഞിരിക്കുന്നത്.
ആദ്യം തന്നെ സ്ത്രീ സ്റ്റെപ്പുകൾ കയറിപ്പോകുന്നതാണ് കാണുന്നത്. പിന്നീട് ചുവടുകൾ വയ്ക്കുന്നത് കാണാം. എന്നാലും, ഫോർട്ട്, ഇറ്റാലിയൻ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളല്ല കളക്ടറേറ്റ് പരിസരം തന്നെ എന്തിനാണവൾ ഇങ്ങനെയൊരു വീഡിയോ ഷൂട്ട് ചെയ്യാൻ തെരഞ്ഞെടുത്തത് എന്നാണ് ആളുകളുടെ അത്ഭുതം.
റിപ്പോർട്ടുകൾ പ്രകാരം, നിരവധിപ്പേർ വീഡിയോയെ വിമർശിച്ചു മുന്നോട്ട് വന്നിച്ചുണ്ട്. യുവതിക്കെതിരെ നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു. ഒടുവിൽ, സോഷ്യൽ വർക്കറായ ആകാശ് ബറുവ യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്വാളിയോർ എസ്‌ഡിഎമ്മിന് രേഖാമൂലം പരാതി നൽകിയതായും പറയുന്നു. കളക്ട്രേറ്റ് പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം വീഡിയോ ഷൂട്ട് ചെയ്യുന്നത് നഗരത്തിന്റെ പേര് തന്നെ മോശമാക്കാൻ ഇടവരും എന്നായിരുന്നു ആളുകളുടെ കുറ്റപ്പെടുത്തൽ.
അതേസമയം, വീഡിയോ വൈറലായതിനെ തുടർന്ന് പൊതുസ്ഥലങ്ങളിലും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളിലും മറ്റും റീലുകൾ ചിത്രീകരിക്കുന്നതും ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും ഗ്വാളിയോർ ജില്ലയിൽ അധികൃതർ നിരോധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
#woman #dancing #front #gwalior #collectorate #complaint #filed