താരസംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കുകയാണ്. ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.
സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
സ്ഥാനം ഒഴിഞ്ഞെങ്കിലും അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സലീം കുമാർ പറഞ്ഞു.
ഇടവേള ബാബു,
കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം " ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു".
25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾക്കുമുന്നിൽ തീരുമാനം മാറ്റുകയായിരുന്നു.
1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി.
2018-ലാണ് ജനറൽ സെക്രട്ടറിയായത്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി.
മണിയൻപിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻപോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.
#salimkumar #about #idavelababu