പതിനെട്ട് വർഷം മുമ്പ് കാണാതായ സഹോദരനെ കണ്ടെത്താന്‍ ഇൻസ്റ്റഗ്രാം വീഡിയോ സഹായിച്ചതിൻറെ സന്തോഷത്തിലാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനി രാജ്കുമാരി. റീലുകള്‍ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് പരിചിതമായ ഒരു മുഖം രാജ്കുമാരി ശ്രദ്ധിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനെയാണ് വീഡിയോയിൽ കണ്ടതെന്ന് രാജ്കുമാരിക്ക് മനസിലായത്. 18 വർഷം മുമ്പാണ് ഫത്തേപൂരിലെ ഇനായത്പൂർ ഗ്രാമത്തിലെ വീട് വിട്ട് മുംബൈയിൽ ജോലി തേടി ബാൽ ഗോവിന്ദ് പോയത്. പിന്നീട് ഗോവിന്ദ് വീട്ടിലേക്ക് മടങ്ങിയില്ല.
ഗോവിന്ദിനെ നഷ്ടപ്പെടുമ്പോൾ ആകെ ഉണ്ടായിരുന്ന അടയാളം പല്ലുകളിലെ പൊട്ടലായിരുന്നു. നാടും വീടുമായി ബന്ധമില്ലാതായതിനെക്കുറിച്ച് ബാൽ ഗോവിന്ദിന് പറയാനുള്ളത് ഇതാണ്, ജോലി തേടിപ്പോയ ബാൽ ഗോവിന്ദ് അസുഖബാധിതനായി.
തിരികെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും കാൺപൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ കയറി ജയ്പുരിലാണ് ഗോവിന്ദ് ചെന്നിറങ്ങിയത്.
അസുഖബാധിതനായ ബാൽ ഗോവിന്ദിനെ രാജസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരാൾ കണ്ടുമുട്ടുകയും രോഗം ഭേദമായതിനുപിന്നാലെ അദ്ദേഹത്തിന്‍റെ ഫാക്ടറിയിൽ ജോലിനൽകുകയുമായിരുന്നു.
തുടർന്ന് ജയ്പുരിൽ ഗോവിന്ദ് പുതിയ ജീവിതം ആരംഭിച്ചു. ഇഷ ദേവി എന്ന പെൺകുട്ടിയെ വിവാഹംകഴിച്ചു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഗോവിന്ദിന്റെ പൊട്ടിയ പല്ലാണ് അടയാളമായിത്തന്നെ അവശേഷിച്ചത്. ഗോവിന്ദ് നിരന്തരം റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.ഇൻസ്റ്റഗ്രാമിലൂടെത്തന്നെ ഗോവിന്ദുമായി ബന്ധപ്പെടുകയും തന്റെ സഹോദരനെ രാജ്കുമാരി വീണ്ടെടുക്കുകയുമായിരുന്നു. ജൂൺ 20-ന് ബാൽ ഗോവിന്ദ് തന്റെ കുട്ടിക്കാല ഓര്‍മകളുറങ്ങുന്ന ഗ്രാമത്തിലേക്ക് തിരികെയെത്തി.
#broken #tooth #instagram #reels #up #siblings #reunited