അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയമായ താരമാണ് താപ്സി.ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക.താപ്സിയുടെ സ്കൂൾകാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂളിലെ സ്പോർട്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സമയത്ത് എടുത്ത ചിത്രമാണ് ഒന്ന്. സ്പോർട്സ് തനിക്കെന്നും ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നാണ് ചിത്രം പങ്കുവച്ച് താപ്സി കുറിക്കുന്നത്. മറ്റു രണ്ടു ചിത്രങ്ങളിലും സഹോദരി ഷാഗുനും താപ്സിയ്ക്ക് ഒപ്പമുണ്ട്.
2011ൽ സോഹൻ സീനു ലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി താപ്സി എത്തിയിരുന്നു. സൈറ ബാനു എന്ന കഥാപാത്രത്തെയാണ് താപ്സി അവതരിപ്പിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ എത്തിയത് നദിയ മൊയ്തു ആയിരുന്നു. മലയാളത്തിൽ പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടാതെ പോയ ഈ ചിത്രം, തമിഴിൽ മൊഴിമാറ്റിയെത്തുക വഴി വൻവിജയമാണ് നേടിയത്. മമ്മൂട്ടി, തപ്സി, നദിയ മൊയ്തു എന്നിവർക്കു തമിഴിലുള്ള താരസ്വീകാര്യതയും ചിത്രത്തിന്റെ തമിഴ് വിജയത്തിനു ഹേതുവായി.
സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന താപ്സി മോഡലിംഗിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. ആദ്യകാലത്ത് റിലയൻസ് ട്രെൻഡ്സ്, എയർടെൽ, കൊക്കകോള, റെഡ് എഫ് എം, പിവി ആർ സിനിമാസ് തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം പരസ്യങ്ങളിൽ അഭിനയിച്ചു. 2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ജുമ്മാണ്ടി നാദം’ എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. തമിഴിൽ ആടുകളം ആയിരുന്നു താപ്സിയുടെ ആദ്യചിത്രം. ആറ് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിനൊപ്പം താപ്സിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പിങ്ക്, മുൾക്, ബദ്‌ല, ഗെയിം ഓവർ, മിഷൻ മംഗൾ, ഥപ്പട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാൻ താപ്സിയ്ക്ക് കഴിഞ്ഞു. ഇന്ന് ബോളിവുഡിലെ സൂപ്പർതാര പദവിയുള്ള നായികമാരിൽ ഒരാളാണ് താപ്സി.
im a sports lover since childhood;