ഒരു ദിവസം കറി വയ്ക്കണമെങ്കിൽ വലിയ തുക ചിലവാക്കേണ്ടുന്ന അവസ്ഥയിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നു പോകുന്നത്. ഇന്ത്യയിലാകെയും പച്ചക്കറിക്ക് വില കൂടുതലാണ്.
ഉത്തരേന്ത്യയിലെ കനത്ത ചൂടാണ് ഇതിന് കാരണമായി പറയുന്നത്. കേരളത്തിലെ പച്ചക്കറി വിലയ്ക്ക് കാരണമായത് തമിഴ് നാട്ടിൽ നിന്നും പച്ചക്കറി വരുന്നത് കുറഞ്ഞതാണ് എന്നും കച്ചവടക്കാർ പറയുന്നു.
എന്തായാലും, ഇന്ത്യക്കാരിയായ യുവതി ലണ്ടനിൽ ചില പച്ചക്കറികളുടേയും മറ്റ് ചില സാധനങ്ങളുടെയും വില പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
https://www.instagram.com/reel/C72Hp9gIgIz/?utm_source=ig_web_copy_link
ദില്ലിയിൽ നിന്നുള്ള ചവി അഗർവാൾ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ലണ്ടനിൽ നിന്നുള്ള വില പങ്കുവച്ചിരിക്കുന്നത്. ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ വിലയാണ് യുവതി താരതമ്യം ചെയ്യുന്നത്.
വെണ്ടക്കയ്ക്ക് കിലോഗ്രാമിന് 650 രൂപയാണ് എന്ന് യുവതി പറയുന്നു. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ആളുകൾ പാചകത്തിൽ ഉപയോഗിക്കുന്നതാണ് വെണ്ടയ്ക്ക. പാവക്കയ്ക്ക് കിലോയ്ക്ക് 1000 രൂപയാണ് എന്നും യുവതി പറയുന്നു. ആറ് അൽഫോൺസോ മാങ്ങകൾക്ക് വില 2400 രൂപയാണ്.
ലേയ്സ് മാജിക് പാക്കറ്റിന് ഇന്ത്യയിൽ 20 രൂപയാണെന്നും ലണ്ടനിൽ 95 രൂപയാവുമെന്നും അവൾ പറയുന്നു. മാഗി നൂഡിൽസിന് 300 രൂപയാണ്. പനീറിന് 700 രൂപയാണ് എന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേർ യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. രണ്ട് രാജ്യങ്ങളിലും കിട്ടുന്ന ശമ്പളം, സാമ്പത്തികസ്ഥിതിയിലുള്ള വ്യത്യാസം, ആളുകളുടെ ജീവിതരീതി എന്നിവയെല്ലാം കമന്റ് ബോക്സുകളിൽ ആളുകൾ ചർച്ച ചെയ്തു.
#woman #shares #indian #groceries #shocking #prices #london