അടുത്തിടെ നൂറുകണക്കിന് ദക്ഷിണ കൊറിയക്കാർ സിയോൾ നഗരത്തിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ഒത്തുചേർന്നു. തികച്ചും അപൂർവവും കേട്ടാൽ വിചിത്രമെന്ന് തോന്നുന്നതുമായ ഒരു മത്സരമാണ് ശനിയാഴ്ച നഗരത്തിൽ നടന്നത്. അതാണ് ഉറക്ക മത്സരം.
കേട്ടാൽ അമ്പരപ്പൊക്കെ തോന്നുമെങ്കിലും സംഭവം സത്യമാണ്. സ്ലീപ്പ്‍വെയർ ഒക്കെ ധരിച്ച് ആളുകൾ ഹാൻ റിവർ പാർക്കിൽ ഒരു മണിക്കൂറും 30 മിനിറ്റുമാണ് വിശ്രമിച്ചത്. കണ്ണുകളടച്ച് സുഖമായി ഒരലട്ടലും ഇല്ലാതെയിരുന്ന ഇവർ ലോകത്തിന് നൽകാൻ ശ്രമിച്ച സന്ദേശം ഇതാണ്, വിശ്രമം വളരെ പ്രധാനമാണ്.
കൃത്യമായ ഇടവേളകളും വിശ്രമവും എടുക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണത്രെ ഈ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഒറിജിനാലിറ്റിക്ക് വേണ്ടി കൊതുകുകളുടെ മൂളൽ, ആളുകൾ പിറുപിറുക്കുന്നതിന്റെ ശബ്ദം തുടങ്ങി നമ്മൾ പലപ്പോഴും വിശ്രമിക്കുന്നതിന്റെ ഇടയിൽ കേൾക്കാറുള്ള പല ശബ്ദങ്ങളും ഇവിടെ പ്രയോഗിക്കുകയും ചെയ്തു
തുടർന്ന്, മത്സരാർത്ഥികളുടെ ഹൃദയമിടിപ്പിൻ്റെ അളവുകളും എടുത്തു. ഉറക്കത്തിന് മുമ്പും ഉറക്കത്തിന്റെ സമയത്തും ഹൃദയമിടിപ്പ് തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അനുഭവപ്പെട്ട ആളെയാണ് വിജയിയായി പ്രഖ്യാപിക്കുക. കാരണം അത് മികച്ച ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്.
ഇന്ന് പലർക്കും ആവശ്യത്തിന് ഉറക്കമോ വിശ്രമമോ കിട്ടുന്നില്ല. അത്തരം സാഹചര്യത്തിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് ഇതിന്റെ സംഘാടകർ പറയുന്നു. ദക്ഷിണ കൊറിയയിൽ ഉറക്കമില്ലായ്മ ഒരു പ്രധാന പ്രശ്നം തന്നെയാണ്.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) യിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, ദക്ഷിണ കൊറിയയിലെ ജനങ്ങൾക്ക് ശരാശരി ഉറക്കം ഏറ്റവും കുറവാണെന്നാണ് ദക്ഷിണ കൊറിയയുടെ നാഷണൽ അസംബ്ലി റിപ്പോർട്ട് ചെയ്യുന്നത്. ഇവിടുത്തെ ശരാശരി ഉറക്കം രാത്രിയിൽ 7 മണിക്കൂറും 41 മിനിറ്റുമാണ്. ഇത് OECD നിഷ്കർഷിക്കുന്ന ശരാശരി ഉറക്കസമയമായ 8 മണിക്കൂർ 22 മിനിറ്റിനേക്കാൾ കുറവാണ്.
#power #nap #competition #south #korea