(moviemax.in) ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്. തലൈവർ 171 ന്റെ കഥ 2016 ൽ എഴുതിയതാണെന്നും ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതായും ലോകേഷ് അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ രജനീകാന്തിനെ സ്വാധീനിക്കാൻ തിരക്കഥയ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്താനും അക്രമാസക്തമായ ആക്ഷൻ സീക്വൻസുകൾ ഒഴിവാക്കണമെന്നും നടൻ സംവിധായകനോട് ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വാർത്തകൾ.
എന്തായാലും രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് ഉറപ്പാണ്. മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കുമെന്ന് സംവിധായകൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു.
അക്രമവും മയക്കുമരുന്നും അടങ്ങിയ രംഗങ്ങൾ ചിത്രീകരിച്ചതിന് സംവിധായകനെതിരെ ഒരു സാമൂഹിക പ്രവർത്തകൻ മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.
ലോകേഷ് കനകരാജിൻ്റെ മാനസികാവസ്ഥ പരിശോധിക്കണമെന്നും സാമൂഹിക പ്രവർത്തകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തലൈവർ 171 ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയാണെന്നും ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
#Lokesh #failed #impress #Rajinikanth #happy #script #Thalaiver171