രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നും തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും രേണു പറഞ്ഞു.
സുധി ചേട്ടൻ മരിച്ചുപോയെന്ന് ഇളയ മകന് അറിയാമെന്നും രേണു കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവിൻ്റെ പ്രതികരണം.
'സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാൻ വേറെ കെട്ടും, മൂത്ത മകൻ കിച്ചുവിനെ വീട്ടിൽനിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളൂ, ഞാൻ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുകയുള്ളൂ. മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്.
അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളിൽത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് തീരുമാനം. കുടുംബത്തിലുള്ളവർ കല്യാണം കഴിക്കാൻ പറയില്ല.
എന്നെ നന്നായി അറിയുന്ന ആളുകൾക്ക് അറിയാം, ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ വേറാരും ആകില്ല.. പിന്നെ മക്കൾ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം.
വേറെ ഒരാൾ വന്നാൽ അവരെ അങ്ങനെ കാണില്ല. എന്നെ അടുത്ത് അറിയാത്ത, അല്ലെങ്കിൽ എന്നോടു സ്നേഹമുള്ള കൂട്ടുകാർ ഉണ്ടല്ലോ. ഞാൻ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും.
ഇപ്പോൾ വേണ്ട, സമയം ആകുമ്പോൾ നല്ല ആലോചന വരികയാണെങ്കിൽ നോക്കണമെന്നു പറയുന്നവരുണ്ട്. ഇന്നും ചിലർ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ച് മാറുകയാണു ചെയ്യുന്നത്. ഇല്ല എന്നത് തന്നെയാണ് തീരുമാനം, അതിൽ മാറ്റമില്ല. സുധി ചേട്ടൻ മരിച്ചുപോയെന്ന് ഇളയ മകന് അറിയാം.
ആരും പറഞ്ഞുപഠിപ്പിച്ചിട്ടില്ല. മരണത്തിൻ്റെ അർഥം ഒന്നും അവന് അറിയില്ല', രേണു പറഞ്ഞു. അതേസമയം, അമ്മയുടെ രണ്ടാം വിവാഹം സംബന്ധിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് സുധിയുടെ മൂത്ത മകൻ കിച്ചു പ്രതികരിച്ചു.
‘അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ കാര്യങ്ങൾ നടക്കട്ടെ. അമ്മയുടെ ഇഷ്ടം ആണ്. അത് അങ്ങനെ തന്നെ നിൽക്കട്ടെ’, കിച്ചു പറഞ്ഞു.
തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
#KollamSudhi's #wife #Renu #reacted #news #she #getting #married #second #time.