വളർത്തുനായ്ക്കൾ യുവതിയെ ആക്രമിച്ച കേസിൽ കന്നഡ നടൻ ദർശന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സംഭവം നടക്കുമ്പോൾ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഗുജറാത്തിലായിരുന്നെന്നും യുവതിയുടെ ചികിത്സാച്ചെലവ് വഹിക്കാൻ തയാറാണെന്നും ദർശൻ പൊലീസിനെ അറിയിച്ചതായാണ് സൂചന.
കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. ആർആർ നഗറിലെ ദർശന്റെ വസതിക്കു സമീപം സ്വകാര്യചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി.
കാർ നടന്റെ വീടിനു സമീപമാണ് പാർക്ക് ചെയ്തിരുന്നത്. ചടങ്ങിനു ശേഷം തിരിച്ചെത്തിയപ്പോൾ കാറിനു സമീപം 3 നായ്ക്കളെ കണ്ടു. നായ്ക്കളെ മാറ്റാൻ നടന്റെ സഹായികളോടു ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു.
തുടർന്നുണ്ടായ വാക്കേറ്റത്തിനു ശേഷമാണ് നായ്ക്കൾ ആക്രമിച്ചതെന്നും ഇവയെ തടയാൻ സഹായികൾ ഒന്നും ചെയ്തില്ലെന്നും യുവതി പരാതി നൽകി. പിന്നാലെ ദർശനും 2 സഹായികൾക്കും എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
#police #recorded #statement #Kannada #actor #Darshan #case #pet #dogs #attacking #woman.