ബോളിവുഡിലെ ഫാഷൻ ഐക്കണായി അറിയപ്പെടുന്ന നടിയാണ് സോനം കപൂർ. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ സോനത്തിന് സാധിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. രാഞ്ജന, നീരജ, സഞ്ജു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് സോനം ആരാധകരുടെ ഇഷ്ടം നേടിയെടുത്തു. പിന്നീട് 2018 ൽ വിവാഹിതയായ ശേഷമാണ് നടി അഭിനയ രംഗത്തെ തിരക്കുകൾ കുറച്ചത്.
ബിസിനസുക്കാരനായ ആനന്ദ് അഹൂജയെ ആണ് സോനം വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സോനത്തിന് കുഞ്ഞ് ജനിച്ചത്. ഗർഭിണി ആയത് മുതൽ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാവുകയാണ് നടി. അതിനിടെ തന്റെ ഇടവേളയെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് സോനം കപൂർ.
തനിക്ക് ഇടവേള അനിവാര്യമായിരുന്നുവെന്നും മകനുമായി അടുത്ത ബന്ധം പുലർത്തുന്നതിന് ആ സമയം അനിവാര്യമായിരുന്നെന്നും സോനം പറഞ്ഞു.ഞാൻ 17 വയസ്സുള്ളപ്പോൾ മുതൽ അഭിനയിക്കാൻ തുടങ്ങിയതാണ്, എനിക്ക് ഞാൻ മതിയായ സമയം നൽകി എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ജോലിയിലേക്ക് മടങ്ങാൻ ഞാൻ തയ്യാറാണ്', സോനം കപൂർ പറഞ്ഞു. ഒടിടിയിൽ പുറത്തിറങ്ങിയ ബ്ലൈൻഡ് എന്ന ക്രൈം ത്രില്ലറിലൂടെയാണ് സോനം അടുത്തിടെ തിരിച്ചുവരവ് നടത്തിയത് .
ഒരു സ്ത്രീക്കും അവരുടെ കുടുംബത്തിന് സമയം നൽകുന്നതിൽ കുറ്റബോധം തോന്നാൻ പാടില്ല സോനം കൂട്ടിച്ചേർത്തു. ഇപ്പോൾ വീണ്ടും തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സോനം. അടുത്തിടെ ഒരു വേദിയിൽ തന്റെ മകനെ ആദ്യമായി കയ്യിലേക്ക് എടുത്ത നിമിഷത്തെ കുറിച്ച് സോനം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു അതെന്നാണ് സോനം കപൂർ പറഞ്ഞത്.
#Ihad #do #formy #son #SonamKapoor #openup