(moviemax.in ) പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ഇന്ത്യൻ സൈന്യത്തിന് ശക്തമായ പിന്തുണ പ്രകടിപ്പിച്ച് ബോളിവുഡ് നടൻ രൺവീർ സിംഗ്. ഇന്ത്യൻ സൈനികരുടെ ധീരതയെയും പ്രധാനമന്ത്രി മോദിയേയും താരം പ്രശംസിച്ചു.
വിജയകരമായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നിരവധി ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ രൺവീർ സിംഗും എത്തിയിരിക്കുന്നത്. "സ്വന്തം കാര്യം നോക്കി പോകുന്നവരെ ഞങ്ങൾ ഉപദ്രവിക്കാറില്ല. എന്നാൽ ആരെങ്കിലും ഞങ്ങളെ ഉപദ്രവിച്ചാൽ, പിന്നെ അവരെ ഞങ്ങൾ വെറുതെ വിടില്ല." ഇങ്ങനെയായിരുന്നു രൺവീർ സോഷ്യൽ മീഡിയയിൽ നടത്തിയ അഭിപ്രായ പ്രകടനം.
അദ്ദേഹം മറ്റൊരു വരിയിൽ ഇങ്ങനെ കൂട്ടിച്ചേർത്തു, "നമ്മുടെ സായുധ സേനയുടെ ധൈര്യത്തിനും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണ്ണായക തീരുമാനത്തിനും സല്യൂട്ട്."
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ പാകിസ്താനിലെ ഒൻപത് സ്ഥലങ്ങളിലെ ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്.
സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയ്സാൽമീർ, ഫലോദി, പൊഖ്റാൻ മേഖലകളിൽ ശനിയാഴ്ച ഉച്ചയോടെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയതായി ദൃശ്യങ്ങൾ സഹിതം ഇന്ത്യ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദൃശ്യങ്ങളടക്കം കാണിച്ച് മറുപടി നൽകിയത്. വിമാനങ്ങളെ മുൻനിർത്തിയും ആശുപത്രികൾ ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്നും വാർത്താസമ്മേളനം വ്യക്തമാക്കി. അതിനിടെ ശ്രീനഗറിലെ ദാൽ തടാകത്തിൽ മിസൈൽ അവശിഷ്ടം വീണതായി റിപ്പോർട്ടുണ്ട്.
ranveersingh supports operation sindoor