നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് സിനിമ-സീരിയൽ- സ്റ്റേജ് ആർട്ടിസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ഇന്നലെ വരെ തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.നിരവധി പേരാണ് സുധിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രംഗത്തെത്തുന്നത്ത്.

"കൊല്ലം സുധിക്ക് ആദരാഞ്ജലികൾ", എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. "എന്റെ സുധി ചേട്ടാ…. വിശ്വസിക്കാൻ കഴിയുന്നില്ല…. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സുധി ചേട്ടനെ ഒന്നു വിളിക്കണം വിളിക്കണം എന്ന് മനസ്സിൽ തോന്നിയിരുന്നു… നാളെ എന്തായാലും വിളിക്കണം എന്നു കരുതി ഉറങ്ങാൻ കിടന്നതാ ഇന്നലെ…. ദൈവമേ ഒരിക്കലും കരുതിയില്ല ഇന്ന് ഈ വാർത്തകേട്ട് ഉണരേണ്ടി വരുമെന്ന്", എന്നാണ് ആലിസ് ക്രിസ്റ്റി കുറിച്ചത്.
"ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി", എന്നാണ് നോബി മർക്കോസ് കുറിച്ചത്. "എന്റെ സുധി ചേട്ടാ …എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ?സ്വന്തം ചേട്ടനായിരുന്നു …ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു", എന്ന് അവതാരക ലക്ഷ്മി നക്ഷത്രയും കുറിച്ചു.
ഇന്ന് പുലർച്ചേ ആണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
My Sudhi Chetta...can't believe it; Sudhi's untimely death has left Kerala reeling