പ്രിയ നടൻ ഇന്നസെന്റിന്റെ മരണം ഓരോ മലയാളികളെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടനവധി സിനിമയിലൂടെ മലയാളി മനസ്സിൽ തന്റേതായ സ്ഥാനം നേടിയ നടൻ കൂടിയാണ് ഇദ്ദേഹം .
രണ്ട് വട്ടം ക്യാൻസർ വന്നപ്പോഴും അതിനെ ചിരിച്ച് കൊണ്ട് നേരിട്ട ഇന്നസെന്റ് ഏവർക്കും പ്രചോദനമായിരുന്നു. ഭാര്യ ആലീസിന് ക്യാനസർ വന്നപ്പോഴും ഇന്നസെന്റ് ശക്തി പകർന്നു. കാൻസറിനെ താൻ അഭിമുഖീകരിച്ചതിനെക്കുറിച്ച് ഇന്നസെന്റ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിൽ വിശദീകരിച്ചിരുന്നു, സംസാരം പോലെ സരസമായാണ് ഇന്നസെന്റ് തന്റെ രോഗ നാളുകളെക്കുറിച്ച് എഴുതിയതും. ഏത് അസുഖമാണെങ്കിലും നമ്മൾ ഇതോടെ അവസാനിച്ചു എന്ന ചിന്താഗതി പറ്റില്ലെന്ന് ഇന്നസെന്റ് പുസ്തകത്തിൽ വ്യക്തമാക്കി.
മരിക്കാൻ തയ്യാറായി ഒരിക്കലും നിൽക്കരുത്. എനിക്കുറപ്പായിരുന്നു ഞാൻ ഉടനെയൊന്നും മരിക്കില്ലെന്ന്. പക്ഷെ അസുഖം സ്ഥിരീകരിച്ച സമയത്ത് വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. ഒരു വർഷത്തെ ചികിത്സ കൊണ്ട് എനിക്ക് ഭേദമായി.
പക്ഷെ ആലീസിന്റെ രോഗവിവരം അറിഞ്ഞപ്പോൾ എങ്ങനെയൊക്കെയോ തിരികെ വന്ന കുടുംബത്തിന്റെ സന്തോഷം വീണ്ടും വല്ലാതെയായി. മകനാണ് ആലാസിനോട് ടെസ്റ്റ് ചെയ്ത് നോക്കാൻ പറയുന്നത്. യാതൊരു അസുഖവുമില്ലാതിരുന്ന ഘട്ടത്തിലാണ് ആലീസ് മാമോഗ്രാം ടെസ്റ്റ് ചെയ്ത് നോക്കുന്നത്. അന്നത് ടെസ്റ്റ് ചെയ്തത് എന്തുകൊണ്ടും നന്നായി.
ആദ്യം ക്യാൻസർ വന്ന് ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം രോഗം പൂർണമായി ഭേദമായി എന്ന് കരുതിയപ്പോഴാണ് രണ്ടാമതും വന്നത്. ആ ഘട്ടത്തിൽ കുറച്ച് കൂടി ഞാൻ ധൈര്യവാനായി. എന്റെ ധൈര്യം ചുറ്റുമുള്ളവർക്കില്ലെന്ന് തോന്നിയിട്ടുണ്ട്. നമ്മൾ ചിരിച്ച് സന്തോഷിച്ച് വീട്ടിലിരിക്കുമ്പോൾ ചിലർ കരഞ്ഞ കണ്ണുകളുമായാണ് കാണാൻ വരുന്നത്.
രോഗിക്കരികിലേക്ക് ഒരിക്കലും അങ്ങനെയെത്തരുത്. രോഗ വിവരം തിരിച്ചറിഞ്ഞ് വീട്ടിലേക്കെത്തി ഞാൻ എല്ലാവരെയും വിളിച്ചു കൂട്ടി ആദ്യം പറഞ്ഞത്, അസുഖം ക്യാൻസറാണ്. ഭേദമാവാൻ സമയമെടുക്കും. പക്ഷെ ചിരിച്ച മുഖത്തോടെയല്ലാതെ ആരും എന്റെയടുത്ത് വരരുത്.
ഒരു കപ്പ് കാപ്പി തരാൻ വരുമ്പോൾ പോലും എനിക്ക് നിങ്ങളുടെ മുഖത്ത് കാണേണ്ടത് ചിരിയും സന്തോഷവുമൊക്കെയാണ്. ഇവിടെ ആരും കരഞ്ഞ് തളർന്നിരിക്കേണ്ടതില്ല. അല്ലെങ്കിൽ ഈ വീട് വിട്ട് ഞാൻ എവിടേക്കെങ്കിലും പോവും. എവിടെയെങ്കിലും പോയി ചികിസ്തിച്ച് ഭേദമായ ശേഷം വീട്ടിലേക്ക് വരാമെന്നാണ് കരുതിയത്. പക്ഷെ എന്റെ വാക്കുകളെയും അതിനുള്ളിൽ ഒളിപ്പിച്ച വേദനയെയും തിരിച്ചറിഞ്ഞത് കൊണ്ടാവാം, എല്ലാവരും താൻ പറഞ്ഞത് കേട്ടെന്നും ഇന്നസെന്റ് പുസ്തകത്തിൽ കുറിച്ചു.
പൊതുപ്രവർത്തന രംഗത്തും മറ്റുമായി ഓരോ തിരക്കുകളിലേർപ്പെട്ട് അസുഖത്തെക്കുറിച്ച് ചിന്തിക്കാൻ താൻ കൂട്ടാക്കിയിരുന്നില്ലെന്നും ഇന്നസെന്റ് കുറിച്ചു.
Never stand ready to die, I was sure I wouldn't die soon; Innocent's words