May 12, 2025 09:55 AM

(moviemax.in) 'പാൻ-ഇന്ത്യ' ചലച്ചിത്രനിർമ്മാണം എന്നത് വന്‍ തട്ടിപ്പ് എന്ന് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. ദ ഹിന്ദുവിന്‍റെ ഹഡില്‍ സമ്മിറ്റില്‍ ഭരദ്വാജ് രംഗനുമായി നടത്തിയ സംഭാഷണത്തിലാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ഈ അഭിപ്രായം പറഞ്ഞത്.

ഒരു സിനിമ രാജ്യമെമ്പാടും വിജയിച്ചാൽ മാത്രമേ അതിനെ പാന്‍ ഇന്ത്യന്‍ എന്ന് പറയാന്‍ പറ്റുവെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. ബാഹുബലി, കെജിഎഫ്, പുഷ്പ തുടങ്ങിയ സിനിമകൾ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുകയും ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തകർക്കുകയും ചെയ്തു, ഇത് സിനിമ രംഗത്തിന് ആ ശൈലിയും ഡ്രാമയും അനുകരിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടു.

"എന്റെ അഭിപ്രായത്തിൽ 'പാൻ-ഇന്ത്യ' എന്നത് ഒരു വലിയ തട്ടിപ്പാണ്" അദ്ദേഹം പറഞ്ഞു, "ഒരു സിനിമ 3-4 വർഷം എടുത്ത് നിര്‍മ്മിക്കുന്നു. ധാരാളം ആളുകൾ ആ സിനിമയിലൂടെ ജീവിക്കുന്നു, അവരുടെ ജീവിതശൈലിയും അങ്ങനെ മാറുന്നു. എന്നാല്‍ മുടക്കുന്ന പണം എല്ലാം സിനിമ നിര്‍മ്മാണത്തിലേക്ക് പോകുന്നില്ല. അങ്ങനെ പോകുന്ന പണം, ഒരു അര്‍ത്ഥവും ഇല്ലാതെ യാഥാർത്ഥ്യമല്ലാത്ത സെറ്റുകള്‍ക്കും മറ്റും ചെലവഴിക്കുന്നു. അതിൽ 1% മാത്രമേ ഉപകാരപ്പെടൂ" അനുരാഗ് കശ്യപ് പറയുന്നു.

പലപ്പോഴും ഒരു പ്രതീക്ഷയും ഇല്ലാതെ വരുന്ന ചിത്രങ്ങള്‍ വന്‍ വിജയമാകും എന്നും ഹിന്ദി സിനിമയിലെ സമീപകാല ഹൊറർ-കോമഡികളുടെ ഫ്രഞ്ചെസിക്ക് തുടക്കമിട്ട സ്ത്രീയുടെ (2018) ഉദാഹരണം പറഞ്ഞ് കശ്യപ് പറഞ്ഞു. ബാഹുബലിക്ക് ശേഷം, പ്രഭാസിനെയോ മറ്റാരെങ്കിലുമായോ വച്ച് വലിയ സിനിമകൾ ചെയ്യാൻ എല്ലാവരും ആഗ്രഹിക്കാന്‍ തുടങ്ങി. കെജിഎഫ് വിജയിച്ചു, എല്ലാവരും അത് അനുകരിക്കാൻ ആഗ്രഹിക്കുന്നു. കഥ പറച്ചിലിന്‍റെ തകര്‍ച്ച അവിടെ നിന്നാണ് ആരംഭിക്കുന്നത്," കശ്യപ് പറഞ്ഞു.

ആർആർആർ എന്ന അവസാന ചിത്രത്തിലൂടെ ആഗോളതലത്തിൽ വൻ വിജയമായ എസ്എസ് രാജമൗലിയുടെ ആരാധകവൃന്ദം 2012-ലെ ഈഗയുടെ കാലം മുതൽ ക്രമാനുഗതമായി വളർന്നുവരികയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പാരസൈറ്റ് (2019) എന്ന ചിത്രത്തിന് ശേഷം തന്റെ കഴിവ് തെളിയിച്ച ദക്ഷിണ കൊറിയൻ സംവിധായകൻ ബോങ് ജൂൺ ഹോയുമായി രാജമൗലിയെ അദ്ദേഹം താരതമ്യം ചെയ്തു. 2003-ലെ കൾട്ട് ക്ലാസിക് ചിത്രമായ മെമ്മറീസ് ഓഫ് മർഡർ മുതൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു അത് പോലെയാണ് രാജമൗലിയും എന്ന് അനുരാഗ് കശ്യപ് പറയുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ കൂട്ടാന്‍ വേണ്ടി മാത്രം കണ്ടന്‍റ് ചവറ് പോലെ ഇറക്കുകയാണ് എന്നാണ് കശ്യപ് പറയുന്നത്. ഇന്ത്യയിലെ ഈ സ്ട്രീമിംഗ് കണ്ടന്‍റുകള്‍ "ടെലിവിഷനേക്കാൾ മോശമായി" മാറിയിരിക്കുന്നു. കൊവിഡിന് ശേഷം അർത്ഥവത്തായതും വിവേകപൂർണ്ണവുമായ കണ്ടന്‍റിനെ പിന്തുണയ്ക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ താൽപ്പര്യം നശിച്ചെന്നും കശ്യപ് ചൂണ്ടിക്കാട്ടി.

anurag kashyap said pan india films scam

Next TV

Top Stories