---
title: "'കുപ്രസിദ്ധ പയ്യന്‍' വീണ്ടും അറസ്റ്റില്‍"
english_title: "'Infamous boy' arrested again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10331/infamous-boy-arrested-again"
published_at: "2021-11-12T20:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e809b7a75a_arrest.jpg"
keywords: []
---

# 'കുപ്രസിദ്ധ പയ്യന്‍' വീണ്ടും അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട് : **ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന് പ്രേരകമായ യഥാര്‍ത്ഥ കഥയിലെ 'നായകന്‍' പൊലീസ് പിടിയില്‍. കോഴിക്കോട് ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന കേസില്‍ പിടികൂടിയത്.

## Article Content

**കോഴിക്കോട് : **ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന് പ്രേരകമായ യഥാര്‍ത്ഥ കഥയിലെ 'നായകന്‍' പൊലീസ് പിടിയില്‍. കോഴിക്കോട് ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന കേസില്‍ പിടികൂടിയത്.

ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. ഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടികളെ വളര്‍ത്തുമീന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വശീകരിച്ച്‌ തട്ടിക്കൊണ്ടുപോവാന്‍ പ്രതി ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളെ ജയേഷ് കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക്കൂ ട്ടിക്കൊണ്ടുപോവുകയായിരുന്നു. സംശയം തോന്നിയതോടെ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ഇവരോടൊപ്പം ഓടിപ്പാവാതിരുന്ന 10 വയസ്സുകാരനെ ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തി.

എന്നാല്‍ അല്‍പസമയത്തിന് ശേഷം പേടിച്ചുപോയ ഈ കുട്ടിയും ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ഒ​രു കാ​ര്‍ വ​രു​മെ​ന്നും ബീ​ച്ചി​ലൂ​ടെ ക​റ​ങ്ങാം എ​ന്നും പ്ര​തി പ​റ​ഞ്ഞ​തോ​ടെ ഈ ​കു​ട്ടി ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടതെന്നാണ് വിവരം. കുട്ടികള്‍ വിവരം വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ നിന്നും ഇയാളെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചായിരുന്നു പൊലീസ് അന്വേഷണം. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ സി. ഷൈജു, സുനില്‍കുമാര്‍, സീനിയര്‍ സി പി ഒ സജേഷ് കുമാര്‍, സി പി ഒ. മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെവിട്ടയാളാണ് ജയേഷ്. അന്ന് പൊലീസ് കസ്റ്റഡിയില്‍ ജയേഷ് നേരിട്ട പീഡനങ്ങള്‍ അടക്കം ആസ്പദമാക്കിയായിരുന്നു ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി മധുപാല്‍ കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. 2012 ജൂ​ലൈ 21നായിരുന്നു സുന്ദരിയമ്മ എന്ന വയോധികയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേസില്‍ ക്രൈംബ്രാഞ്ച് ജയേഷിനെ പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയുമായിരുന്നു. ഇഡ്ഡലി വില്‍പ്പനക്കാരിയായിരുന്നു സുന്ദരിയമ്മ. വയോധികയുടെ കയ്യിലുണ്ടായിരുന്നു പണം തട്ടിയെടുക്കാന്‍ പ്രതി കൊലപാതകം നടത്തുകയാണെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ കോടതിയില്‍ കുറ്റം തെളിയിക്കാന്‍ പൊലിസീന് സാധിച്ചില്ല.

കേസ് അവസാനിപ്പിക്കാനായി ക്രൈംബ്രാഞ്ച് തെളിവുകള്‍ സൃഷ്ടിച്ച്‌ നിരപരാധിയെ ജയിലില്‍ അടയ്ക്കുകയാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പറയപ്പെടുന്ന ആയുധം വരെ പൊലീസ് കണ്ടെത്തിയിരുന്നു.

മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിനു പിന്നിലെ തിരുവച്ചിറകുളത്തില്‍ നിന്നായിരുന്നു ആയുധം കണ്ടെടുത്തത്. കൂടാതെ സുന്ദരിയമ്മയുടെ രക്തം പുരണ്ട ജയേഷിന്‍റെ വസ്ത്രങ്ങളും സുന്ദരിയമ്മയുടെ പഴ്സും ജയേഷ് ജോലി ചെയ്യുന്ന ഹോട്ടലിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/10331/infamous-boy-arrested-again)