---
title: "ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും ആര്‍ത്തവമുള്ള സ്ത്രീകള്‍‌ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവുമില്ല- ഐശ്വര്യ രാജേഷ്"
english_title: "Not just Sabarimala, there is no discrimination against menstruating women entering any temple - Aishwarya Rajesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93103/not-just-sabarimala-there-is-no-discrimination-against-menstruating-women-entering-any-temple-aishwarya-rajesh"
published_at: "2023-01-29T06:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5c79bcd723_aiswaraya.jpg"
keywords: []
---

# ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും ആര്‍ത്തവമുള്ള സ്ത്രീകള്‍‌ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവുമില്ല- ഐശ്വര്യ രാജേഷ്

> **Lead Summary:** **ശ**ബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടി ഐശ്വര്യ രാജേഷ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.

## Article Content

**ശ**ബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടി ഐശ്വര്യ രാജേഷ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.

അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്നും താരം അഭിപ്രായപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന മലയാള ചിത്രത്തിന്‍്റെ തമിഴ് പതിപ്പില്‍ ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതും ക്ഷേത്രങ്ങളിലെ പ്രവേശനം നിഷേധിക്കുന്നതും സമാനമായി, ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിലെ വിവേചനങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.

* 'എന്നെ സംബന്ധിച്ച്‌ ദൈവത്തിന് സ്ത്രീ - പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തിലെത്തുന്നതിന് ഒരു മാനദണ്ഡവും വെച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍‌ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ല. *

*നമ്മള്‍ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേര്‍തിരിവുമായി ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല.'*

### Related Links & Sources
- [Original Story Source](https://moviemax.in/news/93103/not-just-sabarimala-there-is-no-discrimination-against-menstruating-women-entering-any-temple-aishwarya-rajesh)