---
title: "അക്കിനേനി കുടുംബത്തിനെതിരായ പരാമര്‍ശം ; ബാലയ്യ മാപ്പ് പറയണം എന്ന് അക്കിനേനി ഫാന്‍സ് "
english_title: "A remark against the Akkineni family; Akkineni fans say that Balayya should apologize"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92591/a-remark-against-the-akkineni-family-akkineni-fans-say-that-balayya-should-apologize"
published_at: "2023-01-26T19:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2834566c2f_BALAYYA_F.jpg"
keywords: []
---

# അക്കിനേനി കുടുംബത്തിനെതിരായ പരാമര്‍ശം ; ബാലയ്യ മാപ്പ് പറയണം എന്ന് അക്കിനേനി ഫാന്‍സ് 

> **Lead Summary:** **തെ**ലുങ്ക് സിനിമ ലോകത്തെ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്‍റെ ചരിത്രവും, അക്കിനേനി നാഗേശ്വര റാവുവില്‍ തുടങ്ങുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ കൂടി ചരിത്രമാണ്. എന്നാല്‍ നടന്‍ നന്ദമൂരി ബാലകൃഷ്ണ അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ വിവാദമാകുകയും.

## Article Content

**തെ**ലുങ്ക് സിനിമ ലോകത്തെ രണ്ട് വലിയ കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്‍റെ ചരിത്രവും, അക്കിനേനി നാഗേശ്വര റാവുവില്‍ തുടങ്ങുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ കൂടി ചരിത്രമാണ്. എന്നാല്‍ നടന്‍ നന്ദമൂരി ബാലകൃഷ്ണ അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ വിവാദമാകുകയും.

> ബാലകൃഷ്ണയ്ക്കെതിരെ അക്കിനേനി കുടുംബത്തിലെ താരങ്ങളുടെ ഫാന്‍സും, കുടുംബത്തിലെ ഇളമുറക്കാരും രംഗത്ത് എത്തിയിരുന്നു വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലാണ് ബാലകൃഷ്ണ തെലുങ്ക് സിനിമയിലെ ഇതിഹാസമായ അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ച് സംസാരിച്ചത്. "എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, ഇക്കനേനി എന്നൊക്കെ പറഞ്ഞ്" - എന്നാണ് ബാലയ്യ പറഞ്ഞത്.

ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. അതേ സമയം രൂക്ഷമായാണ് അക്കിനേനി കുടുംബത്തിലെ താരങ്ങളുടെ ആരാധകര്‍ പ്രതികരിച്ചത്. എഎന്‍ആര്‍ എന്ന് അറിയപ്പെടുന്ന ഇതിഹാസ താരം അക്കിനേനി നാഗേശ്വര റാവുവിന്‍റെ മകന്‍ നാഗാര്‍ജ്ജുനയുടെ രണ്ട് മക്കളായ നാഗ ചൈതന്യയും, അഖിലുമാണ് ബാലയ്യയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയത്. തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങളായവരെ അപമാനിക്കുന്നവര്‍ സ്വയം അപമാനിതരാകും എന്നാണ് ഇവര്‍ പറഞ്ഞത്. ബാലകൃഷ്ണയ്ക്ക് നാക്കുപിഴ പറ്റിയതാണെന്ന പരാമര്‍ശവുമായി അദ്ദേഹത്തിന്‍റെ ചില അടുത്ത വൃത്തങ്ങള്‍ രംഗം തണുപ്പിക്കാന്‍ ഇറങ്ങിയിരുന്നു.

> എന്നാല്‍ വിവാദം കത്തിപടര്‍ന്നതോടെ സംഭവത്തില്‍ ബാലയ്യ പ്രതികരണവുമായി രംഗത്ത് എത്തുമെന്നാണ് എല്ലാവരും കരുതിയത്. ഒരു ക്ഷമാപണവും നടത്തുമെന്ന് കരുതിയവരുണ്ട്. എന്നാല്‍ മുന്‍പ് തന്നെ തെലുങ്ക് സിനിമ രംഗത്ത് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്താറുള്ള ബാലയ്യ മറ്റൊരു ചടങ്ങില്‍ ഇത് സംബന്ധിച്ച് വീണ്ടും സംസാരിച്ചെങ്കിലും മാപ്പൊന്നും പറഞ്ഞില്ല. പകരം പറഞ്ഞത് ഇതാണ്. 'എഎന്‍ആര്‍ അദ്ദേഹത്തിന്‍റെ മക്കളെക്കാള്‍ എന്നെ സ്നേഹിച്ചിരുന്നു. എന്‍റെ പിതാവ് സീനിയര്‍ എന്‍ടിആറിന്‍റെ പേരിലുള്ള അവാര്‍ഡ് ആദ്യം സമര്‍പ്പിച്ചത് തന്നെ എഎന്‍ആറിനാണ്. ഞാന്‍ എന്‍റെ അമ്മാവനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്, അദ്ദേഹം എന്‍റെ ഹൃദയത്തിലാണ്" - എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. എന്നാല്‍ അന്നത്തെ പരാമര്‍ശത്തില്‍ ഒരു ഖേദവും താരം നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92591/a-remark-against-the-akkineni-family-akkineni-fans-say-that-balayya-should-apologize)