---
title: "റിലീസിന് മുന്‍പേ കോടികള്‍ വാരി 'പൊന്നിയിന്‍ സെല്‍വന്‍'"
english_title: "'Ponniyin Selvan' rakes in crores before release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67600/ponniyin-selvan-rakes-in-crores-before-release"
published_at: "2022-09-11T20:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631df6ce28534_ponniyan_selvan.jpg"
keywords: []
---

# റിലീസിന് മുന്‍പേ കോടികള്‍ വാരി 'പൊന്നിയിന്‍ സെല്‍വന്‍'

> **Lead Summary:** **ക**ല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.

## Article Content

**ക**ല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഇപ്പോളിതാ, ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വമ്പന്‍ തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം 125 കോടിയ്ക്കാണ് 'പൊന്നിയിന്‍ സെല്‍വ'ന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും വലിയ തുകയ്ക്ക് തന്നെയാണ് വിറ്റുപോയിരിക്കുന്നത്. 25 കോടിയ്ക്കാണ് സണ്‍ നെറ്റവര്‍ക്ക് 'പൊന്നിയിന്‍ സെല്‍വ'ന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ അവകാശങ്ങള്‍ നേടിയത്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67600/ponniyin-selvan-rakes-in-crores-before-release)