---
title: "വര്‍ഷങ്ങളായി മീനയുടെ ഭര്‍ത്താവ് ഈ രോഗത്തിന് ചികിത്സയിലായിരുന്നു; താര ഭര്‍ത്താവിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് ..."
english_title: "The movie world and the audience at the demise of Meena's husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51813/the-movie-world-and-the-audience-at-the-demise-of-meenas-husband"
published_at: "2022-06-29T12:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbf80f6fe66_meena.jpg"
keywords: []
---

# വര്‍ഷങ്ങളായി മീനയുടെ ഭര്‍ത്താവ് ഈ രോഗത്തിന് ചികിത്സയിലായിരുന്നു; താര ഭര്‍ത്താവിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് ...

> **Lead Summary:** നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും . ഇന്നലെ രാത്രിയാണ് താരഭര്‍ത്താവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിദ്യസാഗറിന് രോഗം ഗുരുതരമാവുകയായിരുന്നു. 

## Article Content

നടി മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും . ഇന്നലെ രാത്രിയാണ് താരഭര്‍ത്താവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിദ്യസാഗറിന് രോഗം ഗുരുതരമാവുകയായിരുന്നു. 

വര്‍ഷങ്ങളായിട്ട് ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു താരഭര്‍ത്താവ്. എന്നാല്‍ ഈ വര്‍ഷം കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് അസുഖം ഗുരുതരമായി മാറിയത്. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്നു.

അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവയവദാതാവിനെ കിട്ടാത്തത് കൊണ്ടാണ് ശസ്ത്രക്രിയ നീണ്ട് പോയത്. വെന്റിലേറ്റര്‍ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തി കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. 

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ മീനയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അനുശോചന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യാസാഗറിന്റെ സംസ്‌കാരം ഇന്ന് ജൂണ്‍ 29 ബുധനാഴ്ച നടക്കുമെന്നാണ് അറിയുന്നത്. 

അതേ സമയം വിദ്യസാഗര്‍ കൊവിഡ് കാരണമാണ് മരിച്ചതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാര്‍ത്തയാണെന്നും ഇതൊന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടി ഖുശ്ബു രംഗത്ത് വന്നു. 'കുറച്ച് കൂടി ഉത്തരവാദിത്തതോടെ വാര്‍ത്തകള്‍ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാന്‍ വളരെ താഴ്മയായി അപേക്ഷിക്കുകയാണ്.

മൂന്ന് മാസം മുന്‍പാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിന് കൊവിഡ് ബാധിച്ചത്. ഇപ്പോള്‍ അദ്ദേഹം കൊവിഡ് ബാധിതന്‍ ആയിരുന്നില്ല. കൊവിഡ് ബാധിച്ചാണ് സാഗര്‍ പോയതെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തരുതെന്നും ഇതെന്റെ അപേക്ഷയാണെന്നും' ഖുശ്ബു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51813/the-movie-world-and-the-audience-at-the-demise-of-meenas-husband)