#KSRTC #Priyadarshini #Kerala #Free Ticket #Women #Ticket Scam
കൊച്ചി: ( www.truevisionnews.com) കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ സ്ത്രീകള്‍ക്കായി നല്‍കുന്ന സൗജന്യ 'സീറോ വാല്യൂ ടിക്കറ്റുകള്‍' പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടുന്നതായി വ്യാപക പരാതി.
പുരുഷന്‍മാരില്‍ നിന്ന് പൂര്‍ണ യാത്രക്കൂലി ഈടാക്കിയ ശേഷം ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ സൗജന്യ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി.യാത്രക്കാര്‍ ടിക്കറ്റിലെ വിവരങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നത് മുതലെടുത്താണ് ചില ജീവനക്കാര്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത്.
പുരുഷന്‍മാര്‍ നല്‍കുന്ന പണം ജീവനക്കാര്‍ സ്വന്തം കീശയിലാക്കുകയും മെഷീനില്‍ രേഖപ്പെടുത്തുന്ന സൗജന്യ ടിക്കറ്റിന്റെ തുക സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ടതായി കണക്കാക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.ആലുവ-പറവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസില്‍ തമിഴ്നാട് സ്വദേശിക്ക് സീറോ വാല്യൂ ടിക്കറ്റ് നല്‍കിയ സംഭവം പിന്നീടാണ് പുറത്തുവന്നത്.
ടിക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഇയാള്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ സെന്ററില്‍ ഇ-മെയില്‍ വഴി പരാതി നല്‍കി. തിരക്കായതിനാലും കാഴ്ചക്കുറവ് കൊണ്ടുമാണ് പിഴവ് സംഭവിച്ചതെന്നായിരുന്നു താല്‍ക്കാലിക കണ്ടക്ടറുടെ വിശദീകരണം. എന്നാല്‍ പരിശോധനയില്‍ ആ സമയം ബസിലുണ്ടായിരുന്നത് 34 യാത്രക്കാര്‍ മാത്രമാണെന്ന് വ്യക്തമായി.
പൊന്നാനി-പാലക്കാട് റൂട്ടില്‍ ഇതരസംസ്ഥാനക്കാരായ എട്ട് പുരുഷ വിനോദസഞ്ചാരികള്‍ക്ക് സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം-ഗുരുവായൂര്‍ റൂട്ടിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു.
സൗജന്യ ടിക്കറ്റ് നല്‍കിയത് ഒരു യാത്രക്കാരന്‍ ചോദ്യം ചെയ്തതോടെ കണ്ടക്ടര്‍ അത് തിരികെ വാങ്ങി പുതിയ ടിക്കറ്റ് നല്‍കി. എന്നാല്‍ സംശയം തോന്നിയ യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടക്ടറുടെ കൈവശം നിന്ന് 135 രൂപ അധികമായി കണ്ടെത്തി.പരാതികള്‍ കൂടിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ശക്തമായ നടപടി പ്രഖ്യാപിച്ചു.
സംസ്ഥാനവ്യാപകമായി നിരീക്ഷണം ശക്തമാക്കാന്‍ വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് പരിശോധന ഊര്‍ജിതമാക്കും. മോട്ടോര്‍ വാഹന വകുപ്പിലെ ആര്‍ടിഒമാരുടെ പ്രത്യേക സ്ക്വാഡുകള്‍ക്കും പ്രിയദര്‍ശിനി സര്‍വീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.യാത്രക്കാരോട് ടിക്കറ്റ് വാങ്ങുമ്പോള്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും സംശയം തോന്നിയാല്‍ ഉടന്‍ കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ഥിച്ചു.
Content Highlight: KSRTC Priyadarshini Free Ticket Scam Women Zero Value Ticket Given To Men
#KSRTC #Priyadarshini #Kerala #Free Ticket #Women #Ticket Scam

































