#Latest news #Pearle Maaney #Delhi Student Protest #NEET Protest #Social Media Controversy #Kerala Celebrity
(moviemax.in) ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിന് പിന്നാലെ അവതാരകയും നടിയുമായ പേളി മാണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം.
വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ച പേളിയുടെ പ്രതികരണം, യാഥാർത്ഥ്യങ്ങളിൽ നിന്ന് വഴിമാറി 'ബാലൻസിങ്' നടത്താനുള്ള ശ്രമമാണെന്നാണ് പ്രധാന വിമർശനം. കൂടാതെ, പോസ്റ്റിന് താഴെ വിയോജിപ്പും വിമർശനവും ഉന്നയിക്കുന്നവരെ പേളി ബ്ലോക്ക് ചെയ്യുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
"കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു.
എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക. ഒരു ലക്ഷ്യവും ഒരു ജീവനെക്കാൾ വലുതല്ല. ഓരോ വിദ്യാർത്ഥിയും പലരുടെയും മകനോ മകളോ ആണ്.
പലരുടെയും സ്വപ്നമാണ്. പലരുടെയും ലോകമാണ്. സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടതെന്ന് മറ്റു പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം. സമാധാനപരമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം.
എന്നാല്‍, ഈ മുന്നേറ്റത്തിന്റെ യഥാർത്ഥ ലക്ഷ്യം ഒരിക്കലും മങ്ങിപ്പോകരുത് എന്നാണ് എന്റെ ആഗ്രഹം. ഒരു മുന്നേറ്റം ഇത്രയും ശ്രദ്ധിക്കപ്പെടുമ്പോൾ വികാരങ്ങൾ ശക്തമാകുകയും, പലവിധ അഭിപ്രായങ്ങൾ ഉയർന്നുവരികയും, ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
പക്ഷേ, നമ്മുടെ ശ്രദ്ധ എല്ലായ്പ്പോഴും വിദ്യാർത്ഥികളിലേക്കും ഭാവിയെക്കുറിച്ച് അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലേക്കും തന്നെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ, അക്രമം ആരുടെ ഭാഗത്തുനിന്ന് വന്നാലും ഞാൻ അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല.
ഇത്തരം മുന്നേറ്റങ്ങൾ ചരിത്രത്തിൽ ഓർമിക്കപ്പെടുക, അത് എന്തിനുവേണ്ടി നടന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമല്ല, അത് എങ്ങനെയാണ് മുന്നോട്ടുപോയത് എന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ്. വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ, വേദനയും ഭയവും ഭിന്നിപ്പുമല്ല, മറിച്ച് അവിടെ കാണിച്ച ധൈര്യവും അനുകമ്പയും, രാജ്യത്ത് നല്ല മാറ്റങ്ങൾ വരുത്താൻ മുന്നിട്ടിറങ്ങിയ ഒരു തലമുറയെയുമാണ് നമ്മൾ ഓർക്കേണ്ടത്.
ഈ വിഷയത്തിൽ എന്റെ അഭിപ്രായം പങ്കുവെക്കണമെന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടു. ചിലർ എന്നെ പ്രോത്സാഹിപ്പിച്ചു. മറ്റുചിലർ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ടും ഞാൻ മനസിലാക്കുന്നു.
എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, വളരെ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും സംസാരിക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
എല്ലാത്തിനുമുപരിയായി, സമാധാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും, ഓരോ ഉദ്യോഗസ്ഥന്റെയും, ഓരോ പൗരന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. വിവേകം നമ്മെ നയിക്കട്ടെ. കരുണ നമ്മെ ഒന്നിപ്പിക്കട്ടെ. ഓരോ കുട്ടിക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും, തുല്യ അവസരങ്ങളും, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു ഭാവി നമുക്ക് ഒരുമിച്ച് പടുത്തുയർത്താൻ കഴിയട്ടെ.
അവസാനമായി ഒരു കാര്യം കൂടി... എനിക്ക് അറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. ഇതു സംബന്ധിച്ച്, നാളെ പുതിയ വിവരങ്ങളോ വസ്തുതകളോ പുറത്തുവന്നാൽ, അതേക്കുറിച്ച് പഠിക്കാനും, ആലോചിക്കാനും, ആവശ്യമെങ്കിൽ എന്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ ബലഹീനതയായി കാണുന്നില്ല.
മറിച്ച്, വളർച്ചയുടെയും ഉത്തരവാദിത്തബോധത്തിന്റെയും അടയാളമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ, എന്റേത് ഉൾപ്പെടെ ആരുടെയും അഭിപ്രായം അന്ധമായി നിങ്ങൾ പിന്തുടരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. അറിവ് നേടുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തം നിലപാട് സ്വയം രൂപപ്പെടുത്തുക. നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ വ്യക്തി നിങ്ങളായിരിക്കട്ടെ. എല്ലായിടത്തും സ്നേഹവും നൻമയും ഉണ്ടാകട്ടെ", എന്നാണ് പേളി മാണി കുറിച്ചത്.
Content Highlight: Pearle Maaney Faces Backlash for Balancing Post on Delhi Student Protest
#Latest news #Pearle Maaney #Delhi Student Protest #NEET Protest #Social Media Controversy #Kerala Celebrity




























