#Pathanamthitta #Priyadarshini KSRTC Bus #Private Bus
പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ടയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞു. പത്തനംതിട്ട - മല്ലപ്പള്ളി റൂട്ടിലെ പാടിമണ്ണിലാണ് സംഭവം. സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞുനിർത്തിയത്.
ചുങ്കപ്പാറയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് കോട്ടയം - റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന 'ധന്യ' എന്ന സ്വകാര്യ ബസിലെ ജീവനക്കാർ തടഞ്ഞത്. ബസ് നിർത്തി കെഎസ്ആർടിസി ജീവനക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.
സംഭവത്തെ തുടർന്ന് കുറച്ചുനേരം ഈ റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.നേരത്തെ നിശ്ചയിച്ച സമയത്ത് ഓടാതെ കെഎസ്ആർടിസി ബസുകൾ വൈകി സർവീസ് നടത്തുന്നതാണ് യാത്രക്കാരെ നഷ്ടപ്പെടുത്തുന്നതെന്നും അതിനാലാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നുമാണ് സ്വകാര്യ ബസ് ജീവനക്കാരുടെ വിശദീകരണം.
എന്നാൽ നിശ്ചിത സമയത്തും റൂട്ടിലും ഓടുന്നതിന് കെഎസ്ആർടിസിക്ക് അവകാശമുണ്ടെന്നും സ്വകാര്യ ബസുകൾ മനപ്പൂർവ്വം തടസം സൃഷ്ടിക്കുകയാണെന്നും കെഎസ്ആർടിസി ജീവനക്കാർ തിരിച്ചടിച്ചു.സംഭവത്തിൽ ഇരുവിഭാഗം ജീവനക്കാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ഥിരമായി ഇത്തരം ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പത്തനംതിട്ട-മല്ലപ്പള്ളി റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും തമ്മിലുള്ള സമയത്തേക്കുറിച്ചുള്ള തർക്കങ്ങൾ പതിവാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
Content Highlight: Private Bus Staff Block KSRTC Priyadarshini Bus in Pathanamthitta

































