#Thrissur Murder #Paliyekkara #Kerala Crime #Police Arrest
തൃശൂർ: (https://truevisionnews.com/) തൃശൂർ പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തലവണിക്കര പണ്ടാരപറമ്പിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശി ചിന്നപ്പെരുമാൾ പ്രഭാകരനെ (34) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെ കൊലപാതക സാധ്യതയിലേക്ക് അന്വേഷണം തിരിഞ്ഞു. ചന്ദ്രനും പ്രതി പ്രഭാകരനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കം ഉണ്ടായത്.
തർക്കം രൂക്ഷമായതോടെ പ്രഭാകരൻ സമീപത്ത് കിടന്ന കരിങ്കല്ല് എടുത്ത് ചന്ദ്രന്റെ തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് കഠിനമായി രക്തം വാർന്നാണ് ചന്ദ്രൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളും നാട്ടുകാരിൽ നിന്നുള്ള വിവരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്വീകരിച്ചുവരികയാണ്.
Content Highlight: 70 Year Old Man Murdered Near Paliyekkara Bridge In Thrissur, One Arrested

































