#Kerala #KSU #Congress #Aloysius Xavier #VD Satheesan
തിരുവനന്തപുരം: ( www.truevisionnews.com ) സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു ഉന്നയിച്ച ആശങ്കയിൽ തെറ്റില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നിയമന വിവാദത്തിൽ വസ്തുതകൾ നിലനിൽക്കുന്നുണ്ട്. അത് കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡർ നിയമനത്തിൽ താൻ ഉന്നയിച്ച പരാതി തനിക്ക് അറിയില്ലെന്നും സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
"കേരളത്തിലെ കെഎസ്‌യു പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടാണ് ചില ഘട്ടങ്ങളിൽ സംസ്ഥാന അധ്യക്ഷൻ സംസാരിക്കുന്നത്. പ്രവർത്തകരുടെ ആശങ്ക സ്വാഭാവികമായും സംസ്ഥാന കമ്മിറ്റിയുടെ കൂടി ആശങ്കയാണ്. അത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തും.
തിരുവനന്തപുരം ഗവ. ലോ കോളജിലെ മുൻ യൂണിറ്റ് പ്രസിഡന്റുമാർ അറിയിച്ച ആശങ്ക കേരളത്തിലെ മുഴുവൻ കെഎസ്‌യുക്കാരുടെയും ആശങ്കയാണ്" എന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കൾ, ഇപ്പോൾ കെഎസ്‌യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ഇനി പരസ്യമായ പ്രതികരണമുണ്ടാകില്ലെന്നും പാർട്ടി വേദികളിൽ വെച്ച് ചർച്ച ചെയ്യുമെന്നും അലോഷ്യസ് പറഞ്ഞു.കോൺഗ്രസിനായി പ്രവർത്തിച്ചവരെയും പോഷക സംഘടനാ പ്രവർത്തകരെയും സർക്കാർ നിയമനങ്ങളിൽ ആവശ്യമായ രീതിയിൽ പരിഗണിക്കുന്നില്ല എന്നതായിരുന്നു അലോഷ്യസ് സേവ്യർ ഉയർത്തിയ പ്രധാന പരാതി. ഈ പരാതി മുഖ്യമന്ത്രി തള്ളിയതോടെയാണ് വിവാദം കൂടുതൽ ചൂടുപിടിച്ചത്.
Content Highlight: Aloysius Xavier Defends KSU Concerns Over Govt Pleader Appointment Row

































