#Alappuzha #Houseboat #Accident #Spa Worker Dies #Punnamada Lake
ആലപ്പുഴ: ( www.truevisionnews.com ) പുന്നമട കായലിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദാരുണ അപകടം നടന്നത്.
ഹൗസ് ബോട്ടിൽ ടൂറിസ്റ്റുകൾക്ക് സ്പാ സേവനം നൽകുന്നതിനായാണ് ശരണ്യ ആലപ്പുഴയിലെത്തിയത്. ശരണ്യയ്ക്കൊപ്പം അസം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ബോട്ടിന്റെ ഡെക്കിലുണ്ടായിരുന്ന സമയത്താണ് ശരണ്യ പെട്ടെന്ന് കായലിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരും അടുത്തുകൂടി പോയ മറ്റ് ബോട്ടുകളിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കായലിൽ ഇറങ്ങി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ശരണ്യയെ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസത്തിൽ ഇത്തരമൊരു അപകടം ഉണ്ടാകുന്നത് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Content Highlight: Spa Worker Dies After Falling From Houseboat In Alappuzha Punnamada Lake
#Alappuzha #Houseboat #Accident #Spa Worker Dies #Punnamada Lake

































